വധശിക്ഷ രഹസ്യമായും തിടുക്കത്തിലും നടത്തരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 28 മെയ് 2015 (14:48 IST)
രഹസ്യമായും തിടുക്കത്തിലും നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവ്. 2008ൽ ഉത്തർപ്രദേശിൽ,​ സ്വത്തിനു വേണ്ടി പത്തു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ഒന്പതു പേരെ കൊലപ്പടുത്തിയ കേസിൽ ഷബ്നം എന്ന യുവതിയുടെയും,​ കാമുകൻ സലിം എന്നിവരുടെ വധശിക്ഷ നടപ്പാക്കാനുള്ള സെഷൻസ് കോടതിയുടെ വാറണ്ട് റദ്ദാക്കിക്കൊണ്ടുള്ള കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളും മര്യാദ അർഹിക്കുന്നു, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പറയുന്നത് പോലെ ജീവിക്കാനുള്ള അവകാശം വധശിക്ഷ വിധിക്കപ്പെട്ടു എന്നതു കൊണ്ട് അവസാനിക്കുന്നില്ല. തൂക്കുമരം വിധിക്കപ്പെട്ട കുറ്റവാളികളുടെ മാന്യത
സംരക്ഷിക്കപ്പെടേണ്ടതുണ്ട്- ജസ്റ്റിസുമാരായ എ.കെ.സിക്രി,​ യു.യു,​ലളിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

മേയ് 15നായിരുന്നു സുപ്രീംകോടതി കമിതാക്കളുടെ വധശിക്ഷ വിധിച്ചത്. എന്നാൽ,​ വിധി വന്ന് ആറു ദിവസത്തിനു ശേഷം പ്രതികൾക്ക് ശിക്ഷ നടപ്പാക്കാൻ കീഴ്ക്കോടതി വാറണ്ട് അയച്ചു. സുപ്രീംകോടതിയും വിധി ശരിവച്ചാൽ 30 ദിവസത്തിനുള്ളിൽ പുന:പരിശോധനാ ഹർജി നൽകാവുന്നതാണ്. എന്നാല്‍ ഇതിനുള്ള സമയം സെഷന്‍സ് കോടതി പ്രതികള്‍ക്ക് നല്‍കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കമിതാക്കളുടെ കാര്യത്തിൽ
സെഷൻസ് കോടതി ജഡ്ജി തിടുക്കത്തിൽ വധശിക്ഷ വിധിച്ചതായി മനസിലാക്കാം. പ്രതികൾക്ക് മതിയായ നിയമസഹായം ലഭിക്കുന്നതിന് ജഡ്ജി കാത്തു നിന്നില്ല എന്നും സുപ്രീം കോടതി വിമര്‍ശിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് സുപ്രീംകോടതി മുന്പാകെ പുന:പരിശോധനാ ഹർജിയും നൽകാം. അതും തള്ളിയാൽ രാഷ്ട്രപതിക്കോ ഗവർണർക്കോ ദയാഹർജി സമർപ്പിക്കാനും അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവർക്ക് എല്ലാവിധ നിയമസഹായങ്ങളും നൽകണമെന്ന് പറഞ്ഞ കോടതി,​ കുറ്റവാളികൾക്ക് കുടുംബാംഗങ്ങളെ കാണാനുള്ള സാഹചര്യം ഒരുക്കണമെന്നും നിർദ്ദേശിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുന്പ് കുറ്റവാളിക്ക് നോട്ടീസ് നൽകണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയും സുപ്രീംകോടതി പരാമർശിച്ചു. ആവശ്യമായ നിയമസഹായം തേടുന്നതിന് വേണ്ടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്,​ ബന്ധുക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കണമെന്നും നിർദ്ദേശിച്ചു. നിയമസഹായം ലഭിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കുറ്റവാളിയെങ്കിലും നിർബന്ധമായും സഹായം നൽകിയിരിക്കണമെന്നും
കോടതി കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :