മുംബൈ|
VISHNU N L|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (13:54 IST)
മുംബൈയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റുചെയ്തു. ഇരുപത്തിയെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയില്‍ നിന്നും പോലീസുകാര്‍ പണവും തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എസ്.ഐമാരായ സുനില്‍ ഖാപ്തെ, സുരേഷ് സൂര്യവാന്‍ഷി, കോണ്‍സ്റ്റബിളായ ആര്‍. കോഡെ എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയടക്കം മറ്റു രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. സാഗര്‍, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍.
പീഡനത്തിനിരയായ മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു സുസുഹൃത്തിനെ കാണുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയതായിരുന്നു മോഡല്‍. ഹോട്ടലില്‍ നടന്ന ഒഡീഷനില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവതിയെ പോലീസ് തടഞ്ഞുനിര്‍ത്തി ബലമായി വാഹനത്തില്‍ കയറ്റി അന്ദേരി കസിനകയിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച മോഡലിനോട് വ്യഭിചാര കുറ്റത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ പണം ആവശ്യപ്പെട്ടു. സുഹൃത്ത് വഴി കുറച്ച് പണം എത്തിച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ വിളിക്കുയും ഏഴ് ലക്ഷം രൂപ ഒരക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം മോഡലിനെ വെളുക്കുന്നതു വരെ അവിടെ ഇരുത്തിയെന്നും പരാതിയില്‍ പറയുന്നു.സംഭവത്തിനു ശേഷം പോലീസിന്റെ ശല്യപ്പെടുത്തല്‍ ഭയന്ന് നഗരം വിട്ട യുവതി കഴിഞ്ഞ ദിവസം മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയ്ക്ക് അയച്ച മൊബൈല്‍ സന്ദേശമാണ് പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്.
സന്ദേശം പരിഗണിച്ച് യുവതി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ കമ്മിഷണര്‍ മൊഴിയെടുത്തു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ മാനഭംഗം, പണാപഹരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിന് നല്‍കുന്നതിനായി അന്നുരാത്രി വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചതിന്റെ തെളിവും അവര്‍ കമ്മീഷണര്‍ക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഗോപിക ഝാഗിര്‍ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.