അപകീർത്തി കേസ്; രാഹുൽ മാപ്പുപറയില്ലെന്ന് കോൺഗ്രസ്

രാഹുൽ മാപ്പു പറഞ്ഞില്ലെങ്കിൽ വിചാരണ നേരിടേണ്ടി വരുമെന്ന് കോടതി

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 19 ജൂലൈ 2016 (16:43 IST)
മാനനഷ്‌ടക്കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയില്ലെന്ന് കോൺഗ്രസ്. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ സുപ്രീംകോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് മാപ്പു പറയില്ല എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തിയത്. മഹാത്മഗാന്ധിയുടെ വധം സംബന്ധിച്ച് ആര്‍ എസ് എസിനെ കുറ്റപ്പെടുത്തി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലാണിത്. കേസില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമായിരുന്നു കോടതി മുന്നറിയിപ്പ് നൽകിയത്.

ആർ എസ് എസ് സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമർശം. അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹര്‍ജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.

2014 മാര്‍ച്ച് ആറിന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഹാരാഷ്‌ട്രയിലെ സോണാലിയില്‍ "രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തിൽ ആർ എസ് എസിന് പങ്കുണ്ട്. ഇപ്പോൾ അവർ ഗാന്ധിയെക്കുറിച്ച് പറയുന്നു. ആർ എസ് എസ് ഗാന്ധിയെയും സർദാർ വല്ലഭായി പട്ടേലിനെയും എതിർത്തിരുന്നു" എന്നാണ് രാഹുൽ പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :