ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുകയാണ് ബിജെപി, നടക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

തുടക്കം മോദിയുടെ നെഞ്ചത്തേക്ക്

aparna| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (13:58 IST)
എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ തലമുറമാറ്റ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയെ മധ്യകാലഘട്ടത്തിലേക്ക് നയിക്കുകയാണ് മോദിയും കൂട്ടരുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇന്നത്തെ രാജ്യത്തെ രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ല.13 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലെത്തിയിട്ട്. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാണ്. എന്നാല്‍ അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴുള്ള രാഷ്ട്രീയം. അതിനായി മാത്രമാണ് അധികാരം ഉപയോഗിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ശക്തി പ്രാപിച്ച് വരുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ന് അവസരമില്ല. സ്വന്തം നേട്ടം മാത്രമാണ് ജനനേതാക്കളുടെ ലക്ഷ്യം. മറ്റുള്ളവരെ അധികാരത്തിന്റെ മാര്‍ഗങ്ങളിലൂടെ അടിച്ചൊതുക്കുകയാണ് ബി ജെപിയുടെ രീതി. അത് വെറുപ്പിന്റെ രാഷ്ട്രീയമാണ്-രാഹുല്‍ പറഞ്ഞു

പല തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയില്‍പ്പോലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്.

കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റാണ് 47കാരനായ രാഹുല്‍ ഗാന്ധി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന സാക്ഷ്യപത്രം മുഖ്യവരണാധികാരിയും തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിന് കൈമാറുകയും ചെയ്തു. പിസിസി അധ്യക്ഷന്‍മാര്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ല. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണ്. കോണ്‍ഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :