അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ജൂലൈ 2020 (19:54 IST)
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങുന്നു.സച്ചിൻ പൈലറ്റിനെ തിരികെ കോൺഗ്രസിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിന് സന്ദേശമയചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്റെ വാതിൽ സച്ചിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം ഹരിയാണയില്‍ ബിജെപിയുടെ ആതിഥ്യം അവസാനിപ്പിച്ച് ജയ്പൂരിലേക്ക് മടങ്ങിയാല്‍ ചര്‍ച്ചകള്‍ നടത്താമെന്നാണ് മണിക്കൂറുകൾക്ക് മുൻപെ സുര്‍ജെവാല അറിയിച്ചത്. ഇതിനിടയാണ് രാഹുൽ ഗാന്ധി സച്ചിനെ തിരികെ എത്തിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങൾ തീർക്കാൻ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ നേരിട്ട് ഇടപെടുന്നില്ലെന്ന് നേരത്തെ സച്ചിൻ പക്ഷം പരാതി ഉന്നയിച്ചിരുന്നു.
സച്ചിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായതോടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനോട് പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.സച്ചിൻ പാർട്ടി വിടാത്ത സാഹചര്യത്തിൽ നടത്തുന്ന പ്രസ്‌താവനകളോട് ഹൈക്കമാൻഡ് എതിർപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. സച്ചിൻ ബിജെപിയുമായി കുതിരക്കച്ചവടത്തിന് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് നേരത്തെ ഗെഹ്‌ലോത്ത് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.