Sumeesh|
Last Updated:
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (10:30 IST)
രാജ്യംവിടുന്നതിനു മുൻപ് താൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വിജയ് മല്യയുടെ ആരോപണത്തിനു പിന്നലെ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
അതീവ ഗൌരവതരമായ ആരോപണമാണ്
വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും അരുൺ ജെയ്റ്റ്ലി മന്ത്രിസഭയിൽ നിന്നും രാജിവച്ച് അന്വേഷണം നേരിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷൻ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
മല്യ രാജ്യത്തുനിന്നും കടന്നത് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ്. ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിക്കഴിഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ചാണ് അരുൻ ജെയ്റ്റ്ലിയും മല്യയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും കോൺഗ്രസ് നേതാവ് പി എൽ പുനിയ വ്യക്തമാക്കി.
മല്യ രാജ്യംവിടുന്നതിനു മുൻപ് ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി രാഹുൽ ഗാന്ധി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താതെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും എന്നായിരുന്നു അന്ന് രാഹുലിന്റെ പ്രതികരണം.