അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (14:24 IST)
വയനാട് ലോകസഭാ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വയനാട് കളക്ടര്‍ ഡി ആര്‍ മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തശേഷമാണ് പ്രിയങ്ക കളക്ടറേറ്റിലെത്തിയത്. പ്രിയങ്കയ്‌ക്കൊപ്പം അമ്മ സോണിയാ ഗാന്ധി,സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വധ്ര, മകന്‍ റെയ്ഹാന്‍ വാധ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും എത്തിയിരുന്നു.
രാവിലെ ആര്‍പ്പുവിളികളോടെ ആയിരങ്ങളാണ് പ്രിയങ്കാഗാന്ധിയെ സ്വാഗതം ചെയ്യാനെത്തിയത്. ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ച് കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ പോലും കൂട്ടമായി കാത്തുനില്‍ക്കുകയായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യമായാണ് കരുതുന്നതെന്നും വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഒരുമിച്ച് നിന്ന് പരിഹരിക്കാമെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രിയങ്ക പറഞ്ഞു.