ന്യൂഡല്‍ഹി|
VISHNU.N.L|
Last Modified ചൊവ്വ, 8 ജൂലൈ 2014 (10:18 IST)
പാചകവാതകം അവശ്യ വസ്തുക്കള്‍ തുടങ്ങി എല്ലാത്തിനും വില റോക്കറ്റുപോലെ കുതിച്ചുയരുന്നതിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച കോണ്‍ഗ്രസിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞ മറുപടി പ്രതിപക്ഷത്തിനെ നിശബ്ദരാക്കി.
മുന്‍ യുപിഎ സര്‍ക്കാര്‍ വിലക്കയറ്റം തടയുന്നതില്‍ വരുത്തിയ പിഴവുകള്‍ക്ക് ബിജെപി സര്‍ക്കാര്‍ വില നല്‍കേണ്ടി വരികയാണെന്നാണ് ജയറ്റ്ലി പറഞ്ഞത്. രാജ്യസഭയില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിനും റെയില്‍വേ നിരക്ക് കൂട്ടേണ്ടി വന്നതിനും കാരണം മുന്‍ യുപിഎ സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ പോയതിനാലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉള്ളിവില വര്‍ദ്ധിക്കുകയാണ്. വില ക്രമാതീതമായി വര്‍ദ്ധിച്ച ശേഷമാണ് മുന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും വില നിയന്ത്രണാതീതമായിരുന്നു.
വില വര്‍ദ്ധനയെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും വില വര്‍ദ്ധന നിയന്ത്രിക്കുന്നതിന് ഭക്ഷ്യമന്ത്രിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഉള്ളിയും മറ്റും സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വില വര്‍ദ്ധനയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.