ജൻ സൂരജ് പാർട്ടിയുമായി പ്രശാന്ത് കിഷോർ, ബിഹാർ നിയമസഭയിലേക്ക് മത്സരിക്കും!

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ജൂലൈ 2024 (11:17 IST)
രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുത്ത് തിരെഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. സമൂഹത്തിനെ അടിത്തട്ടില്‍ നിന്നും പ്രചാരണം നടത്തി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം. സമൂഹത്തിന്റെ അടിത്തട്ടില്‍ നടത്തുന്ന ക്യാമ്പയിനായ ജന്‍ സൂരജ് അഭിയാന്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ഗാന്ധി ജയന്ത്രി ദിനത്തിലാകും ജന്‍ സൂരജ് അഭിയാന്‍ രാഷ്ട്രീയപാര്‍ട്ടിയായി മാറുക.

ജന്‍ സൂരജ് ക്യാമ്പയിനില്‍ പങ്കെടുത്ത ഒന്നര ലക്ഷത്തോളം ആളുകള്‍ പാര്‍ട്ടിയുടെ അംഗങ്ങളാകുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പായി ബിഹാറില്‍ 8 യോഗങ്ങള്‍ വിളിച്ചുകൂട്ടും. നേതൃത്വം,പാര്‍ട്ടിയുടെ ഭരണഘടന,മുന്‍ഗണനകള്‍ എന്നിവയെ പറ്റിയെല്ലാം ഇതില്‍ ചര്‍ച്ചകളുണ്ടാകും.

നിലവില്‍ ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവിനുമെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറത്തേക്ക് നേട്ടമുണ്ടാക്കാന്‍ ആര്‍ജെഡിക്കും സാധിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടിയുമായി എത്തുന്നത്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ സസൂഷ്മമായാണ് ബിഹാര്‍ രാഷ്ട്രീയത്തെ വീക്ഷിക്കുന്നത്. നിലവില്‍ ഭരണകക്ഷിയായ ബിജെപിയുടെ പ്രബല സഖ്യകക്ഷിയാണ് നിതീഷിന്റെ ജെഡിയു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :