രാജ്യത്ത് സമാധാനം ഉറപ്പാക്കും, കള്ളപ്പണക്കാരെ വെറുതെ വിടില്ല; അധികാര ദല്ലാളുമാരുടെ കൈയ്യിൽ നിന്നും ദില്ലി മുക്തമായെന്ന് മോദി

അപർണ| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (09:43 IST)
രാജ്യം 72ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പ്രസംഗിച്ചത്.

2022ൽ ബഹിരാകാശത്തേയ്ക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കിയാൽ മാത്രമേ രാജ്യത്ത് പുരോഗതിയുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽ അധികാര ദല്ലാളുമാരുടെ സാന്നിധ്യം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. യുപിഎ സർക്കാരിന്റെ പാത പിന്തുടർന്നെങ്കിൽ രാജ്യത്ത് പുരോഗതിയുണ്ടാകാൻ ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതി സെപ്റ്റംബർ 25ന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമാധാനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും വെറുതെ വിടില്ല. ഇവർ രാജ്യത്തെ നശിപ്പിക്കും. അധികാര ദല്ലാളുമാരുടെ കൈയ്യിൽ നിന്നും ദില്ലി മുക്തമായെന്നും പ്രധാനമന്ത്രി.

കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്.
50 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കും. ആയുഷ്മാന്‍ ഭാരത് എന്ന മോദിയുടെ പ്രഖ്യാപന പദ്ധതിയുടെ കീഴിലാണ് ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഉയർച്ചയെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി. 2013ലെയും ഇന്നത്തെയും സാഹചര്യങ്ങൾ വിലയിരുത്തിയും അദ്ദേഹം സംസാരിച്ചു. അവസാനവർഷത്തെ യുപിഎ സർക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങൾ എടുത്തേനെയെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :