കടല്‍ക്കൊല കേസ്: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (17:10 IST)
കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെന്റ്‌ ആന്റണീസ്‌ ബോട്ടിലെ മത്സ്യത്തൊഴിലാളി സുപ്രീംകോടതിയെ സമീപിച്ചു. കന്യാകുമാരി സ്വദേശി കില്‍സാരിയാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഇന്ത്യയുടെ പരമാധികാരത്തില്‍ കടന്നുകയറി ആക്രമണം നടത്തിയ വിദേശികളെ ശിക്ഷിക്കാന്‍ പാര്‍മെന്റിന്‌ അധികാരമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി ‌.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന്‌ വ്യവസ്‌ഥ ചെയ്യുന്ന സുവ നിയമം ചുമത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ 2013 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാരിന്‌ നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന്‌ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതേസമയം നാവികര്‍ക്കെതിരെ സുവ ചുമത്തരുതെന്ന്‌ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി സുപ്രീം കോടതിയെ സമീപിച്ചത്‌.

സമുദ്രാതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള അഡ്‌മിറാലിറ്റി ഒഫന്‍സസ്‌ (കൊളോണിയല്‍) നിയമപ്രകാരവും നാവികര്‍ക്കെതിരെ നടപടി എടുക്കണമെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2003ല്‍ അലേണ്ട്ര റെയിന്‍ബോ എന്ന വിദേശ കപ്പലില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌ത 15 ഇന്തോനേഷ്യന്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ അഡ്‌മിറാലിറ്റി നിയമം ചുമത്തിയിരുന്നു. ഈ പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇക്കാര്യങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കാരണം വ്യക്‌തമാക്കാതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ സുവ നിയമം ചുമത്തേണ്ടന്ന്‌ നിലപാട്‌ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എക്‌സക്ലൂസീവ്‌ ഇക്കണോമിക്ക്‌ സോണില്‍ നടന്ന ആക്രമണങ്ങള്‍ക്കും സുവ നിയമപ്രകാരം കേസെടുക്കാവുന്നതാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടുന്നു. സുവ നിയമം ചുമത്താത്ത നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്‌ക്കും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ വ്യക്‌തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :