പൊതുമിനിമം പരിപാടി തയ്യാറായി, കശ്മീരില്‍ പി‌ഡിപി- ബിജെപി സര്‍ക്കാര്‍

പിഡിപി, ബിജെപി, കശ്മീര്‍
ന്യൂഡല്‍ഹി| vishnu| Last Modified ശനി, 21 ഫെബ്രുവരി 2015 (15:34 IST)
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലുള്ള പ്രതിസന്ധി അവസാനിച്ചതായി സൂചന. ഇരുപാര്‍ട്ടികളും തമ്മില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അധികാരം പങ്കിടാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിനെ അംഗീകരിച്ച് ആറുകൊല്ലം പിഡിപിക്ക് പിന്തുണ നല്‍കാനാണ് ബിജെപി തീരുമാനം. പകരം ബിജെപി മുന്നോട്ട് വച്ച പൊതുമിനിമം പരിപാടി പിഡിപി അംഗീകരിച്ചു. കാശ്മരിന് പ്രത്യേക പദവി നല്‍കുന്ന നിയമമായ ആര്‍ട്ടിക്കിള്‍ 370, സായുധസേന വിശേഷാധികാര നിയമം (അഫ്‌സ്പ) തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഇരുപാര്‍ട്ടികളും പൊതുമിനിമം പരിപാടികള്‍ അംഗീകരിച്ചിരിക്കുന്നത്.

സൈന്യത്തിനുള്ള പ്രത്യേകാധികാരം എടുത്തുകളയനമെന്നാണ് പിഡിപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടീകളും ധാരണയിലെത്തിയിട്ടില്ല. പകരം ഇക്കാര്യം ചര്‍ച്ചകള്‍ക്കായി വച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-)ം വകുപ്പ് എടുത്തുകളയില്ലെന്ന് ബിജെപി വാക്കാല്‍ ഉറപ്പ് നല്‍കിയതാണ് നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകാന്‍ പിഡിപിയെ പ്രേരിപ്പിച്ചത്. ബിജെപി വാക്ക് നല്‍കിയതൊടെ സൈന്യത്തിന്റെ പ്രത്യേകാധികാരത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറെന്നു പിഡിപി വൃത്തങ്ങളും അറിയിച്ചു.

കൂടാതെ പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന വിഷയത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവരെ പുനരധിവസിപ്പിക്കണമെന്നതാണു ബിജെപി നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സാമുദായിക പ്രശ്നങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് പിഡിപി തടസങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ചര്‍ച്ചകളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി മാനുഷിക പരിഗണന കണക്കിലെടുത്ത് അവരുടെ പുനരധിവാസത്തിന് പിഡിപി സമ്മതിച്ചിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് ജമ്മു കശ്മീരില്‍ എത്തിയവരാണ് ഇവര്‍. ഇവര്‍ക്ക് ഇതുവരെ പൗരത്വമോ സംസ്ഥാനത്ത് സ്ഥലം വാങ്ങാനുള്ള അവകാശമോ നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ വോട്ടവകാശവും ഇല്ല. പൌരത്വം നല്‍കുന്നതൊടെ വലിയൊരു സാമൂഹിക പ്രശനം കൂടിയാണ് പരിഹരിക്കപ്പെടുന്നത്.

ഇവര്‍ക്ക് പാകിസ്ഥാനിലും ഇന്ത്യയിലും പൌരത്വമില്ലാത്തതിനാല്‍ അഭയാര്‍ഥികളായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പൊതുമിനിമം പരിപാടികള്‍ ഇരുപാര്‍ട്ടികളും അംഗീകരിച്ചതോടെ ഈമാസം അവസാനത്തൊടെ കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കും. ഫെബ്രുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പി.ഡി.പി നേതാവ് മുഫ്തി മൊഹമ്മദ് സെയിദും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ച ശേഷം മുഫ്തി മുഹമ്മദ് സെയ്ദ് പൊതു മിനമം പരിപാടി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇത് ആദ്യമായാണ് കാശ്മീരിലെ ഭരണത്തില്‍ ബിജെപിക്ക് പങ്കാളിത്തം ലഭിക്കുന്നതെന്നാണ് വസ്തുത. ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിക്കും. വകുപ്പ് വിഭജനകാര്യത്തിലും ഇരുപാര്‍ട്ടികളും ധാരണയിലെത്തി. മൂന്നു മേഖലയ്ക്കും ഒരേപോലെ പ്രാധാന്യം ലഭിക്കുന്ന തരത്തിലാണു വകുപ്പ് വിഭജനം. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയും ബിജെപിയും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് കാശ്മീരില്‍ ഗവണ്‍മെന്റ് രൂപവത്കരണം പ്രതിസന്ധിയിലായത്. പി.ഡി.പി.ക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റുമാണ് ലഭിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :