തമിഴകത്ത് ഇന്ന് വിശ്വാസവോട്ടെടുപ്പ്; എം എൽ എമാർ മറുകണ്ടം ചാടുമോ? കണ്ണും കാതും സെന്റ് ജോര്‍ജ് കോട്ടയിലേക്ക്

തമിഴകത്തിന്റെ തലവര ഇന്നറിയാം, 29 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

aparna shaji| Last Modified ശനി, 18 ഫെബ്രുവരി 2017 (07:57 IST)
തമിഴ്നാട് ഭരിക്കാൻ യോഗ്യനാര്? എന്നകാര്യത്തിൽ ഇന്ന് തീരുമാനമാകും. ഒപ്പം സഞ്ച‌രിച്ചിരുന്ന ഒപിഎസും പ്രതിപക്ഷ തലവനായ സ്റ്റാലിനും ഒന്നിച്ച് എതിരാളികളാകുമ്പോൾ എന്താവും പളനിസാമിയുടെ രാഷ്ട്രീയ ഭാവിയെന്ന് ഇന്ന് വ്യക്തമാകും. രാജ്യത്തിന്റെ കണ്ണ് മുഴുവൻ ഇന്ന് സെന്റ് ജോർജ് കോട്ടയിൽ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പിലേക്കാണ്.

തമിഴ്നാട് ഇനി ഒപിഎസിന്റെ കൈയ്യിലോ അതോ ഇപിഎസിന്റെ കൈയ്യിലോ എന്ന് ഏതായാലും ഇന്ന് വ്യക്തമാകും. തമിഴ്നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ റോള്‍ കോള്‍ രീതി അനുസരിച്ചോ ആയിരിക്കും വോട്ടെടുപ്പ്.

മൂന്നുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് തമിഴ്നാട് ഒരു വിശ്വാസവോട്ടെടുപ്പ് അഭിമുഖീകരിക്കുന്നത്. 1988 ജനുവരി 23-നാണ് ഇതിനുമുമ്പ് തമിഴ്‌നാട് സഭയില്‍ വിശ്വാസപ്രമേയം വന്നത്. കൃത്യമായി പറഞ്ഞാൽ 29 വർഷത്തിനുശേഷം ഇതാദ്യമായാണ് തമിഴകം ഇത്തരമൊന്ന് നേരിൽ കാണുന്നത്.

1987 ഡിസംബര്‍ 24-ന് എം ജി ആര്‍ മരിച്ചതിനെത്തുടര്‍ന്ന് ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ എ ഐ എ ഡി എം കെ യില്‍ രണ്ടുവിഭാഗങ്ങള്‍ രൂപംകൊണ്ടു. അന്ന് ജയലളിതയും ജാനകിയുമായിരുന്നു നേർക്കുനേർ നിന്ന് പോരാടിയതെങ്കിൽ ഇന്ന് പ്നീർസെൽവവും പളനിസാമിയുമാണ്.

അതേ സമയം ഒപിഎസ് വിഭാഗം വലിയ പ്രതീക്ഷയില്‍ തന്നെയാണ്. ഡിഎംകെ പിന്തുണയും തന്നോടൊപ്പമുള്ളവരുടെ പിന്തുണയും ഉറപ്പിച്ചാല്‍ പളനി സ്വാമി പക്ഷത്തു നിന്ന് എട്ട് എംഎല്‍എമാരുടെ പിന്തുണ മതിയെന്നതാണ് ഒപിഎസിന്റെ ആശ്വാസം. ഒപിഎസിനെ പിന്തുണയ്ക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :