പാകിസ്ഥാന്‍ ഭീകരാക്രമണം അവസാനിപ്പിച്ചിട്ടു മതി അവരുമൊത്തുള്ള ക്രിക്കറ്റ് കളി: ഗാംഗുലി

ന്യുഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (16:40 IST)
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാതെ പാക്കിസ്‌താനുമായി ക്രിക്കറ്റ്‌ പരമ്പര വേണ്ടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൌരവ് ഗാംഗുലി. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ്‌ പരമ്പര നടക്കണമെങ്കില്‍ ഭീകരവാദം അവസാനിപ്പിക്കണമെന്ന ബിസിസിഐ നിലപാട്‌ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ഇന്ത്യ-പാക്ക്‌ പരമ്പര എപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്‌. എന്നാല്‍ അതിനു വേണ്ടി മാത്രം അതിര്‍ത്തിയിലെ സൈനികര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയുമായി ക്രിക്കറ്റ്‌ പരമ്പര നടത്തണമെന്ന്‌ പാക്ക്‌ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനിടെയാണ്‌ ഇന്നലെ പഞ്ചാബില്‍ ഭീകരാക്രമണമുണ്ടായത്‌. ഐ.പി.എല്‍ വാതുവയ്‌പ്പ് കേസില്‍ കുറ്റവിമുക്‌തനായ ശ്രീശാന്തിന്‌ അധികം വൈകാതെ ക്രിക്കറ്റിലേക്ക്‌ തിരിച്ചു വരാനാകുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നു ഗാംഗുലി പറഞ്ഞു. കോടതി വിധിയുടെ വിശദാംശങ്ങള്‍ പഠിച്ച ശേഷം ശ്രീശാന്തിന്‌ മടങ്ങിവരാന്‍ ബിസിസിഐ അവസരം ഒരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യന്‍ ടീം ഡയറക്‌ടറെന്ന നിലയില്‍ രവിശാസ്‌ത്രിയുടെ പ്രവര്‍ത്തനം തൃപ്‌തികരമാണെന്നും ബിസിസിഐ ഉപദേശക സമിതി അംഗം കൂടിയായ ഗാംഗുലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :