അവയവദാന രംഗത്ത് തമിഴ് ചരിതം

 അവയവദാനം,തമിഴ്നാട്,ഇന്ത്യ
ചെന്നൈ| VISHNU.NL| Last Updated: വ്യാഴം, 19 ജൂണ്‍ 2014 (09:21 IST)
അവയവാദാന രംഗത്ത് പുതിയ ചരിത്രമെഴുതി തമിഴ്മക്കള്‍. രാജ്യത്ത് ഏറ്റവുമധികം അവയവദാനം നടന്നത്‌ തമിഴ്‌നാട്ടിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 മുതല്‍ മസ്തിഷ്ക മരണം സംഭവിച്ച 482 വ്യക്തികളുടെ അവയവങ്ങള്‍ തമിഴ്‌നാട്ടില്‍ ദാനം ചെയ്തിട്ടുണ്ട്‌.

2008 ഒക്ടോബര്‍ മുതലാണ്‌ തമിഴ്‌നാട്ടില്‍ അവയവദാന പദ്ധതി സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയത്‌. 482 വ്യക്തികളില്‍നിന്നായി 76 ഹൃദയം, 37 ശ്വാസകോശം, 493 കരള്‍, 859 വൃക്ക, ഒരു പാന്‍ക്രിയാസ്‌ എന്നിവയും 500 ഹൃദയവാല്‍വുകളും 726 കൃഷ്ണമണിയും നാല്‌ പേര്‍ക്കു ത്വക്കും ദാനം ചെയ്തിട്ടുണ്ട്‌.

ഇത്തരത്തില്‍ 2,642 ആന്തരീകാവയവങ്ങളാണ് മറ്റുള്ളവരുടെ ശരീരത്തില്‍ തുടിക്കുന്നത്. 2012 ല്‍ മസ്തിഷ്കമരണം സംഭവിച്ച 83 പേരുടെയും 2013 ല്‍ 129 പേരുടെയും അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. മസ്തിഷകമരണം സംഭവിച്ച ഒരു യുവാവിന്റെ ഹൃദയം മുംബൈ സ്വദേശിനിയായ 21 കാരിക്ക്‌ അടുത്തിടെ വച്ചുപിടിപ്പിച്ചതാണ്‌ അവയവദാനങ്ങളില്‍ അവസാനത്തേത്‌.

വൃക്കതട്ടിപ്പ് നടക്കുന്നുവെന്ന വര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് തമിഴ്നാട്ടില്‍ 2007 മുതല്‍ ജീവനുള്ള വൃക്തികളില്‍നിന്ന്‌ അവയവം സ്വീകരിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയങ്ങള്‍ ദാനം ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനായി 33 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മനുഷ്യ അവയവദാന നിയമം തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കി. ഈ നിയമപ്രകാരമാണു സംസ്ഥാനത്ത്‌ ഇപ്പോള്‍ അവയവദാനം നടക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :