‘ഗ്രീന്‍പീസ്’ സാമ്പത്തിക ഭീകരന്‍; രാജ്യത്തിന് ഭീഷണി

 ഗ്രീന്‍പീസ്,ഇന്ത്യ,ഐബി
ന്യുഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 19 ജൂണ്‍ 2014 (08:25 IST)
ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് രാജ്യത്ത് സാമ്പത്തിക ഭീകരവാദം നടത്തുന്നതായി കാണിച്ച് ഇന്റലിജന്‍സ് ബ്യൂറോ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് പുറത്തായി. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി
40 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗ്രീന്‍പീസ്.

രാജ്യത്തിന്റെ വൈദ്യുത പദ്ധതികളെയും ആണവോര്‍ജ സംരംഭങ്ങളെയും നിശ്ചലമാക്കി സാമ്പത്തികമായി ഇന്ത്യയെ പിന്നോട്ടടിക്കാനുള്ള ആഗോള പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ പല പദ്ധതികള്‍ക്കെതിരെയും സംഘടന സമരം നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതുമൂലം ഇന്ത്യയ്ക്ക് കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നതെന്നും സംഘടന നിരന്തര സമരങ്ങളിലൂടെ രാജ്യത്തെ 455 കല്‍ക്കരി ഖനികളെയാണ് നിശ്ചലമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ എസ്എ റിസ്‌വിയാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്.

കൂടാതെ കേരളത്തിന്റെ ഊര്‍ജ മേഖലയിലും സംഘടന ഒളിഞ്ഞ് നിന്ന് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും, കേരളത്തില്‍ നടപ്പാക്കാനായി ശ്രമിച്ച 128 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും അതിരപ്പിള്ളി,​ പൂയംകുട്ടി ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഗ്രീന്‍പീസാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കുന്ന സമയത്താണ് ഈ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടതോടെ കേരളത്തില്‍ വൈദ്യുതിക്ഷാമം ഉണ്ടാകുന്നതിനു കാരണമായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

രാജത്തെ കല്‍ക്കരി ഖനികളെ ഇവര്‍ നിശ്ചലമാക്കിയപ്പോള്‍ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടാവുകയും കൂടിയ് തുകയ്ക്ക് ദക്ഷിണാഫ്രിക്കയില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിവരികയും വേണ്ടിവന്നു. ഗ്രീന്‍പീസിന്റെ സമരങ്ങളിലൂടെ നേട്ടം കൊയ്തത് വിദേശ രാജ്യങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :