വരിയില്‍ നില്‍ക്കേണ്ട, ഗുജറാത്തില്‍ ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്ന് വോട്ട് ചെയ്യാം

അഹമ്മദാബാദ്| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (14:21 IST)
പോളിംഗ് ബൂത്തിനു മുന്നില്‍ നീണ്ട വരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ ബോറടിച്ചിട്ടുണ്ടോ. ഓണ്‍ലൈന്‍ ആയി വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നെങ്കിലെന്ന് കുറഞ്ഞപക്ഷം ന്യൂജെന്‍ വോട്ടര്‍മാരെങ്കിലും ആലോചിച്ചിട്ടുണ്ടാകും. എങ്കില്‍ ആ ചിന്തകള്‍ക്കൊക്കെ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് ഓണ്‍ലൈന്‍ വോട്ടിംഗിനെക്കുറിച്ചുള്ള ഈ വാര്‍ത്ത.

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലേക്ക് നവംബര്‍ 22ന് നടക്കുന്ന വോട്ടെടുപ്പിലാണ് ഓണ്‍ലൈന്‍ വോട്ടിംഗ് ആദ്യമായി എത്തുന്നത്.2010 ലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ആദ്യം ഇ - വോട്ടിംഗ് പരീക്ഷിച്ചത്. എന്നാല്‍, പേരു ചേര്‍ക്കാന്‍ വോട്ടര്‍ നേരിട്ട് റവന്യൂ ഓഫീസില്‍ എത്തണമെന്നതിനാല്‍ ഈ പദ്ധതി പരാജയപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ വോട്ടിംഗ് എങ്ങനെയാണ് നടപ്പിലാക്കുക

ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ച് അപേക്ഷ നല്കിയാല്‍ യഥാര്‍ത്ഥ വോട്ടറാണെന്ന് ഉറപ്പുവരുത്തും. ഈ ഉറപ്പു വരുത്തലിനു ശേഷം വോട്ടറെ റവന്യൂ ഉദ്യോഗസ്ഥന്‍ അംഗീകരിച്ചാല്‍ യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇത് ഉപയോഗിച്ച് വേണം ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള സംവിധാനം ആക്‌ടിവേറ്റ് ചെയ്യാന്‍. ആക്‌ടിവേറ്റ് ചെയ്തതിനു ശേഷം ഉപയോക്താവിന് പാസ്‌വേഡ് മാറ്റാവുന്നതാണ്.

എങ്ങനെ വോട്ടു ചെയ്യാം ?

ഓണ്‍ലൈന്‍ ആയി ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് ദിവസം ലഭിക്കും. ബാലറ്റ് പേപ്പറില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരയും ഒരു കളമുണ്ടാകും. ഇഷ്‌ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരിന് ഒപ്പമുള്ള കളത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വോട്ടര്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്‌നവും മാത്രമായി കാണാം. അവിടെ കാസ്റ്റ് വോട്ട് എന്നൊരു കളമുണ്ടാകും.

വോട്ട് കാസ്റ്റ് ചെയ്യുന്നതിനു മുമ്പ് മറ്റൊരു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്യേണ്ടത് എന്നു തോന്നുന്നുകയാണെങ്കില്‍ റീസെറ്റ് ഒപ്‌ഷനും ലഭ്യമാണ്. വോട്ട് കാസ്റ്റ് ചെയ്തതിനു ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു പാസ്‌വേഡ് എസ് എം എസ് ആയി ലഭിക്കും. ആ നമ്പര്‍ നിശ്ചിതസ്ഥലത്ത് കൃത്യമായി രേഖപ്പെടുത്തുന്നതോടെ നിങ്ങളുടെ വോട്ടിംഗ് പൂര്‍ത്തിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :