ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കും; മോഡി പാകിസ്ഥാന്‍ സന്ദര്‍ശിക്കും

നരേന്ദ്ര മോഡി , നവാസ് ഷരീഫ് , ഇന്ത്യ പാകിസ്ഥാന്‍ ബന്ധം , മുംബൈ ഭീകരാക്രമണക്കേസ്
ഉഫ| jibin| Last Updated: വെള്ളി, 10 ജൂലൈ 2015 (13:18 IST)
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും റഷ്യയില്‍ കൂടിക്കാഴ്‌ച നടത്തി. മുംബൈ ഭീകരാക്രമണക്കേസിൽ സാക്കിയൂർ റഹ്മാൻ ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കുമെന്ന് ഷെരീഫ് വ്യക്തമാക്കിയപ്പോള്‍ പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിലേയ്ക്കുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മോഡി സ്വീകരിക്കുകയും ചെയ്‌തു. എസ്‌സിഒ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

മുംബൈ ഭീകരാക്രമണക്കേസിൽ സാക്കിയൂർ റഹ്മാൻ ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കണമെന്ന് കടുത്ത ഭാഷയില്‍ മോഡി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഷെരീഫ് വ്യക്തമാക്കുകയും ചെയ്‌തു. അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിഎസ്എഫും പാക്ക് റേഞ്ചേഴ്സും തമ്മിൽ ചർച്ച നടത്താനും തീരുമനമായി. ഭീകരവാദത്തെക്കുറിച്ച് ചർച്ച നടത്തുന്നതിനായി ദേശീയ സുരക്ഷ ഉപദേശാഷ്ടക്കളുടെ യോഗം ഡൽഹിയിൽ ചേരുന്ന കാര്യത്തിലും വ്യക്തത കൈവന്നു.

ഇരുരാജ്യങ്ങളിലും പിടിയിലുള്ള മൽസ്യത്തൊഴിലാളികളെയും ബോട്ടുകളും 15 ദിവസത്തിനുള്ളിൽ വിട്ടുനൽകാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളിലുമുള്ള തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വളർത്തുന്നതിനാവശ്യമായ നടപടികളും ഇന്ത്യ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തുന്ന തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണെമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ 2 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമാണ് നിലനിൽക്കുന്നതെങ്കിലും ഇതിന്റെ പലമടങ്ങ് മൂല്യം വരുന്ന വ്യാപാരക്കരാറിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ട്.

ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്ന് വിദേശകാര്യസെക്രട്ടറിമാർ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തെന്നും സമാധാനത്തിനും വികസനത്തിനും ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് ഇരുവരും സമ്മതിച്ചെന്നും അവർ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളേയും കുറ്റപ്പെടുത്തിയ നേതാക്കൾ തെക്കൻ ഏഷ്യയിൽ നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാൻ സഹകരിക്കുമെന്ന് സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :