aparna shaji|
Last Modified ശനി, 10 ഡിസംബര്‍ 2016 (09:04 IST)
കേന്ദ്ര
സർക്കാർ പിൻവലിച്ച 500, 1000 രൂപ നോട്ടുകളുടെ 82.5 ശതമാനവും ഇതിനോടകം ബാങ്കുകളിൽ തിരിച്ചെത്തിയതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയെ അറിയിച്ചു. 12 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍ ഇതിനോടകം തിരിച്ചെത്തിയെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു തുക ഇന്ത്യയിലുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷയാണ് ഇതോടെ തകരുന്നതെന്ന് വ്യക്തം.
നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 14 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇതിൽ കള്ളപ്പണവും കള്ളനോട്ടുകളുമായി 3 ലക്ഷം കോടി രൂപയെങ്കിലും ബാങ്കിൽ തിരിച്ചെത്താതിരിക്കും എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ സർക്കാരിന്റെ ഈ കണക്കുകൂട്ടൽ തെറ്റുന്നതായിട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
നോട്ട് അസാധുവാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍ തിരിച്ചെത്തിയെന്ന് കേന്ദ്രസര്‍ക്കാർ അറിയിച്ചത്. സര്‍ക്കാര്‍ പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ടാണ് അസാധുവാക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെത്തുന്നതെന്ന് റോത്തഗിയുടെ വിശദീകരണം കേട്ട ശേഷം ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ നിരീക്ഷിച്ചു.
പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സർക്കാൻ ഡിസംബർ 31 വരെയാണ് സമയം നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ കണക്ക് ഇനിയും വർധിക്കും. ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കും. അതല്ലെങ്കിൽ നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണം വെളുപ്പിച്ചതായി സർക്കാരിന് കുറ്റസമ്മതം നടത്തേണ്ടി വരും. നോട്ട് അസാധുവാക്കല്‍ നടപടി മുന്നൊരുക്കങ്ങളില്ലാതെ സ്വീകരിച്ചതാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം കോടി വരെയെങ്കിലും തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമേ നോട്ട് അസാധുവാക്കല്‍ കൊണ്ട് എതെങ്കിലും നേട്ടമുള്ളതായി സര്‍ക്കാരിന് വാദിക്കാൻ സാധിക്കൂ. അല്ലെങ്കിൽ രാജ്യത്ത് വൻതോതിൽ കള്ളപ്പണം ഉണ്ടെന്ന വാദമായിരിക്കും പൊളിയുക എന്ന് വ്യക്തം. അതേസമയം പതിനഞ്ച് ലക്ഷം കോടിയുടെ നോട്ടുകള്‍ അസാധുവാക്കിയ സ്ഥാനത്ത് വെറും നാല് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ അച്ചടിച്ചിട്ടുള്ളൂവെന്ന് മുന്‍ധനമന്ത്രി പി ചിദബംരം പറയുന്നു.