മാര്‍പാപ്പ അമേരിക്കയിലെത്തി; ഒബാമ നേരിട്ടെത്തി സ്വീകരിച്ചു

 ഫ്രാന്‍സിസ് മാര്‍പാപ്പ , ബരാക് ഒബാമ , മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനം
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (08:31 IST)
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിന് തുടക്കമായി. ക്യൂബന്‍ പര്യടനത്തിനു ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് സ്വീകരിച്ചത്.

ആദ്യമായി അമേരിക്കയില്‍ എത്തിയ മാര്‍പാപ്പ യുഎന്‍ സമ്മേളനത്തിലും അമേരിക്കന്‍ കോണ്‍ഗ്രസിലും പ്രസംഗിക്കും. പ്രസിഡന്റ് ബരാക് ഒബാമയുമായി മാര്‍പാപ്പ വൈറ്റ്ഹൗസില്‍ ഇന്ന് ചര്‍ച്ച നടത്തും. ലോക സമാധാനം, യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നം, ക്യൂബ, അമേരിക്ക ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരും. വാഷിങ്ടണില്‍ യുഎസിലെ എല്ലാ ബിഷപ്പുമാരുമൊത്ത് പ്രാര്‍ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്യും.

ന്യുയോര്‍ക്കിലെ ഗ്രൌണ്ട് സീറോയില്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ പുതുക്കുന്ന ചടങ്ങിലും പങ്കെടുക്കും. യുഎസ് സന്ദര്‍ശനത്തിന്റെ അവസാനം ഫിലാഡല്‍ഫിയയില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 15 ലക്ഷത്തിലധികംപേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളിലും അന്താരാഷ്ട്ര വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ക്കായി ഉറ്റുനോക്കുകയാണു ലോകനേതാക്കള്‍.

26നു ഫിലാന്‍ഡല്‍ഫിയയിലെത്തുന്ന മാര്‍പാപ്പ കത്തോലിക്ക സഭയുടെ ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കും. കനത്ത സുരക്ഷയുടെ പശ്ചാത്തലത്തിലാണു മാര്‍പാപ്പയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :