മുസ്ലീങ്ങളെ കൈയ്യിലെടുക്കാന്‍ മോഡി സര്‍ക്കാര്‍!

മുസ്ലീങ്ങള്‍, മോഡി സര്‍ക്കാര്‍, മദ്രസ
ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 9 ജനുവരി 2015 (12:40 IST)
മുസ്ലീങ്ങള്‍ ഉള്‍പ്പടെയുള്ള മത ന്യൂനപക്ഷങ്ങളെ കഴിഞ്ഞ യുപി‌എ സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നു എന്ന് ഏറെ ആരോപനങ്ങള്‍ ഉന്നയിച്ച പാര്‍ട്ടിയാണ് ബിജെപിയും അതിന്റെ നേതാക്കളും. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത് തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോഡിയും. എന്നാല്‍ മോഡി പ്രധാന മന്ത്രിയായതിനു ശേഷം മുസ്ലീങ്ങളില്‍ വിശ്വാസം ജനിപ്പിക്കാനായുള്ള പരിശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മോഡി സര്‍ക്കാര്‍ രാജ്യത്തെ മദ്രസകളില്‍നിന്നു പുറത്തുവരുന്നവര്‍ക്ക് അക്കാദമിക നിലവാരം വര്‍ധിപ്പിക്കുന്നതിനും വൈദഗ്ധ്യ വികസനത്തിനും വേണ്ടി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ‘നഈ മന്‍സില്‍’ എന്ന പേരില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച ആദ്യത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതിപ്രകാരം
മദ്രസകളില്‍ നിന്ന് പുറത്തുവരുന്ന വിദ്യാര്‍ഥികളെ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള കോഴ്സ് നടത്തും.

രാജ്യത്ത് ഏകദേശം മൂന്നുലക്ഷം മദ്രസകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മതപാഠശാലകളില്‍നിന്ന് ദൈവശാസ്ത്ര പരിജ്ഞാനത്തോടെ പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക അറിവുണ്ടാകില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അക്കാദമിക് പഠനം ആഗ്രഹിക്കാത്തവര്‍ക്ക് ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യപരിശീലനം നല്‍കും. വൈദഗ്ധ്യ പരിശീലനത്തിന്‍െറ ഭാഗമായി ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, നഴ്സിങ് അസിസ്റ്റന്‍റ്, തയ്യല്‍പണി, ആശാരിപ്പണി തുടങ്ങി തൊഴിലുകളിലാണ് അടിസ്ഥാനപരമായ പരിശീലനം നല്‍കുക.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മുസ്ലീം യുവജനങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം പറയുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ 5000 കുട്ടികളെ ആദ്യവര്‍ഷം തെരഞ്ഞെടുക്കും. തുടര്‍ന്ന് അടുത്ത മാര്‍ച്ചിലെ ബജറ്റ് അവതരണത്തില്‍ കൂടുതല്‍ തുക വകയിരുത്തിയ ശേഷം കൂടുതല്‍ കുട്ടികളെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കും.

ന്യൂനപക്ഷങ്ങളിലെ പരമ്പരാഗത കരകൗശലക്കാരുടെ വൈദഗ്ധ്യവികസനത്തിന് ‘ഉസ്താദ്’ എന്ന പേരിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് ‘ഹമാരി ധരോഹര്‍’ എന്ന പേരിലുമുള്ള രണ്ട് പദ്ധതികള്‍ കൂടി ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ പരിഗണനയിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :