താനെ കൂട്ടക്കൊലക്കു പിന്നില്‍ ‘ദിവ്യന്റെ’ ഉപദേശമെന്ന് സംശയം

താനെ കൂട്ടക്കൊലയില്‍ ദിവ്യനെ കേന്ദ്രീകരിച്ചും അന്വേഷണം

മുംബൈ, കൊലപാതകം, പൊലീസ്, മലേഷ്യ mumbai, murder, police, malesia
മുംബൈ| Sajith| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (11:27 IST)
താനെ വരേക്കര്‍ കുടുംബത്തിലുണ്ടായ കൂട്ടക്കൊലക്കു പിന്നില്‍ ‘ദിവ്യന്റെ’ ഉപദേശമെന്ന് സംശയം. സഹോദരി ഒഴിച്ച് കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച ഹസ്നൈന്‍ വരേക്കര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി സംശയിക്കുന്നു. പ്രതിസന്ധി മാറ്റുന്നതിനു വേണ്ടി ‘ദിവ്യന്‍ന്റെ’ ഉപദേശം തേടിയതായാണ് പൊലീസ് സംശയിക്കുന്നത്.

ജിന്ന്, പ്രേത ബാധകളടക്കമുള്ള അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നവരാണ് വരേക്കര്‍ കുടുംബമെന്നും ദിവ്യന്മാരുടെ ഉപദേശം ഇതിനു മുമ്പും തേടിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ‘ദുഷ്ട ജിന്നി’നെ ഒഴിവാക്കാന്‍ ദിവ്യന്റെ ഉപദേശമനുസരിച്ചാണോ നരബലി നടന്നതെന്നും പൊലീസ് സംശയിക്കുന്നു. ഇത്തരം അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുകയും സ്ഥലത്തെ ദിവ്യന്മാരുടെ ഉപദേശം തേടുകയും ചെയ്യുന്ന പതിവ് കൂട്ടക്കൊല നടന്ന താനെയിലെ കസര്‍വഡാവലി പ്രദേശവാസികളിലുണ്ടെന്നതും പൊലീസിന്റെ സംശയം വര്‍ദ്ദിപ്പിക്കുന്നു.

അന്ധവിശ്വാസവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹസ്നൈന്റെ ലാപ്ടോപ്പില്‍ കണ്ടത്തെിയതായും പറയുന്നു. സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന ഹസ്നൈന്‍ മൂന്നുമാസമായി തൊഴില്‍രഹിതനായിരുന്നു.
നവിമുംബൈയിലെ വാഷിയി സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്.ഹസ്നൈന്‍ പോയത് എങ്ങോട്ടാണെന്നത് ദുരൂഹമാണ്.പ്രദേശത്തെ പര്‍ദേശി ബാബാ ദര്‍ഗയും അവിടത്തെ ‘ദിവ്യനും’ പൊലീസിന്റെ സംശയപ്പട്ടികയിലുണ്ട്.

മലേഷ്യയില്‍നിന്ന് അടക്ക ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഹസ്നൈന്‍. ഇതിന് 35 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. പലരില്‍നിന്നും സ്വര്‍ണപണയ സ്ഥാപനത്തില്‍നിന്നും പണം കടമെടുത്തതായാണ് സഹോദരീ ഭര്‍ത്താവിന്റെ മൊഴി. ബിസിനസില്‍ പങ്കാളിത്തം നല്‍കി ഇളയ സഹോദരി സൂബിയയില്‍നിന്ന് സ്വര്‍ണവും ഹസ്നൈന്‍ വാങ്ങിയിരുന്നു. എന്നാല്‍, വിജയിക്കാത്തതിനെ തുടര്‍ന്ന് ബിസിനസ് മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. മൂന്നുമാസമായി പ്രദേശത്തെ ചന്തയില്‍ പോലും ഹസ്നൈറ്റെ ഉമ്മ വരാറുണ്ടായിരുന്നില്ല. വീട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒരു അയല്‍ക്കാരി ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞതും ഇല്ല. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :