ജനപ്രിയ എം യു വി ഇന്നോവയുടെ ഉൽപാദനം നിർത്തി; പകരം ഇന്നോവ 'ക്രിസ്റ്റ'

ഇന്നോവയുടെ ഉൽപാദനം നിർത്തി

മുംബൈ, ഇന്നോവ, ടൊയോട്ട, എം യു വി mumbai, innova, toyotta, MUV
മുംബൈ| Sajith| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (16:22 IST)
ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ എം യു വിയായ ഇന്നോവയുടെ ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഇന്നോവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചു. ഇന്നോവയുടെ പുതിയ മോഡൽ 'ക്രിസ്റ്റ' പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് പഴയ ഇന്നോവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. ടൊയോട്ടയുടെ കർണ്ണാടക പ്ലാന്റിൽ നിന്നാണ് കമ്പനി തങ്ങളുടെ അവസാന പുറത്തിറക്കിയത്.

2005 ലാണ്‍ ഇന്നോവ പുറത്തിറങ്ങിയത്. ഇന്ത്യയിൽ ഏറ്റവും വിൽപ്പയുള്ള എം യു വികളിലൊന്നാണ് ഇന്നോവ. കരുത്തും യാത്രാസുഖവും ലുക്കും ഒരുപോലെ ഒത്തിണങ്ങിയ ഇന്നോവ ടാക്സി സെഗ്‍മെന്റിൽ തുടർന്നും വിൽപ്പനയ്ക്കുണ്ടാകുമെന്ന് വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെല്ലാം നിരാകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വാർത്തകൾ.

ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന പതിമൂന്നാമത് ഓട്ടോഷോയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നായിരുന്നു ടൊയോട്ട ഇന്നോവ. കൂടുതൽ സ്റ്റൈലിഷായി എത്തുന്ന പ്രീമിയം ഇന്നോവയുടെ പേരിൽ ഒരു കൂട്ടിചേർക്കൽ കൂടി ന‌‌ടത്തി ഇന്നോവ ക്രിസ്റ്റയായിട്ടാണ് വിൽക്കുന്നത്. കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായാണ് പുതിയ ഇന്നോവ വിപണിയില്‍ എത്തുന്നത്.

ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് ഇന്നോവ ക്രിസ്റ്റയുടെ മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. അടിമുടി മാറ്റങ്ങളാണ് ഇന്നോവയുടെ അകംഭാഗത്തിന്. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾഭാഗത്തെ പ്രത്യകതകളാണ്.

പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എം യു വിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു പഴയതു പോലെത്തന്നെയാണ്‍. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമാണ് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വ്യക്തമാക്കി.

പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക. ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാണ് ടൊയോട്ട മുൻഗണന നൽകുകയെന്നും കമ്പനി അറിയിച്ചു. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയും ടൊയോട്ട പരിഗണിക്കുന്നുണ്ട്. പുതിയ ഇന്നോവയുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :