ബോളര്‍ ആരുമായികൊള്ളട്ടെ; അടിക്കാന്‍ ഞാന്‍ തയ്യാര്‍: ക്രിസ് ഗെയ്‌ല്‍

കലാശക്കളിക്ക് ഇടംതേടി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് നേര്‍ക്കുനേര്‍.

ബോളര്‍, മുംബൈ, ക്രിസ് ഗെയ്‌ല്‍, വെസ്റ്റ് ഇന്‍ഡീസ് mumbai, chris gayle, west indies
മുംബൈ| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (12:42 IST)
കലാശക്കളിക്ക് ഇടംതേടി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് നേര്‍ക്കുനേര്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ റണ്ണൊഴുകുന്ന പിച്ചില്‍ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്‌ലിനെ പിടിച്ചുകെട്ടാന്‍ നെഹ്‌റയും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഉള്‍പ്പെടുന്ന ബോളിങ്ങ് നിരയ്ക്ക് സാധിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കായിരിക്കും ഇന്ത്യയുടെ മുന്നേറ്റം.

സൂപ്പര്‍ 10 ഘട്ടത്തിലെ നാലില്‍ മൂന്നു കളിയും ജയിച്ചാണ് വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും സെമിയിലെത്തിയത്. ഇന്ത്യ ആദ്യകളിയിലും വിന്‍ഡീസ് ഗ്രൂപ്പിലെ അവസാനകളിയിലും തോറ്റു. ഗ്രൂപ്പ് ഒന്നിന്റെ ചാമ്പ്യന്‍മാരായി വിന്‍ഡീസ് എത്തിയപ്പോള്‍ ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ രണ്ടാമതായി അവസാന നാലില്‍ കടന്നു.

ക്രിസ്‌ ഗെയ്‌ല്‍ എന്ന അതിമാനുഷനിലാണ് വിന്‍ഡീസ് നിരയില്‍ ഏവരും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഗെയിലിന്റെ വമ്പന്‍ അടികള്‍ക്ക് കാതോര്‍ക്കുകയാണ് ആരാധകര്‍. കൂടാതെ വാംഖഡെ ഗെയ്‌ലിന്റെ സ്വന്തം ഗ്രൗണ്ടാണ്. സുപരിചിതമായ വിക്കറ്റില്‍ ഗെയില്‍ ഒന്നുറച്ചുനിന്നാല്‍ അത് ഇന്ത്യന്‍ ടീമിന് വന്‍ ഭീഷണി ഉയര്‍ത്തും. കളിക്കുന്നത് ഇന്ത്യയോടാണെങ്കിലും ഗെയ്‌ലിന് മുംബൈയിലും ഒരുപാട് ആരാധകരാണുള്ളത്. ട്വന്റി 20-യില്‍ ഇനി രണ്ടു സിക്‌സറുകള്‍ കൂടി നേടാനായാല്‍ സിക്സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി നേടിയ ആദ്യ താരമായി ഗെയ്‌ല്‍ മാറും.

ഏതു മത്സരത്തെയും വളരെ പോസിറ്റീവായി സമീപിക്കുന്ന വ്യക്തിയാണ് ഗെയ്‌ല്‍. ബോളര്‍ ആരാണെന്നത് അദ്ദേഹത്തെ ബാധിക്കുന്ന കാര്യമല്ല. ആരായിരുന്നാലും ആദ്യപന്തു മുതല്‍ ആക്രമിച്ചു കളിക്കുക. ഇതാണ് അദ്ദേഹത്തിന്റെ രീതി. ഈ മത്സരത്തില്‍ ധോണി തനിക്കെതിരെ ഏതു ബോളറെ ഉപയോഗിച്ചാലും അതു നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഗെയ്‌ല്‍ വ്യക്തമാക്കി കഴിഞ്ഞു.

ഈ ലോകകപ്പില്‍ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിന്റെ ഉടമയാണു ഗെ‌യ്ൽ. മൂന്നു മൽസരത്തില്‍ നിന്നായി ഒരു സെഞ്ച്വറിയടക്കം 208 റണ്‍സാണ് ഗെയ്‌ലിന്റെ സ്ട്രൈക്ക് റേറ്റ്. എന്നാല്‍, കഴിഞ്ഞ ഒമ്പത് കളികളില്‍ ഗെയ്‌ലിനെ നാലുവട്ടം പുറത്താക്കിയിട്ടുള്ള ഓഫ്‌ സ്പിന്നര്‍ അശ്വിനിലാണ് ആതിഥേയരുടെ പ്രതീക്ഷ.

ഈ ലോകകപ്പിനു മുമ്പായി കൊൽക്കത്തയിൽ വിന്‍ഡീസിനെതിരെ നടന്ന സന്നാഹ മൽസരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം. സെഞ്ചുറിക്കരികിലേക്കു കത്തിക്കയറിയ രോഹിത് ശർമയായിരുന്നു ആ മത്സരത്തിലെ താരം. ആ മൽസരത്തിൽ ബുംറയുടെ ബോളിലായിരുന്നു ഗെയ്‌ലിന്റെ കുറ്റി തെറിച്ചത്. ഇന്നും അത് ആവര്‍ത്തിക്കുമോ? കാത്തിരുന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :