ലക്നൌ|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (09:34 IST)
അഖിലേഷിന്റെ ലാപില്‍ ജനങ്ങള്‍ മോഡിയെ കണ്ടു; തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കണ്ടുപിടിച്ചത് വേറെയാരുമല്ല, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവും സാക്ഷാല്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവ്. അഖിലേഷിന്റെ അഭിമാന പദ്ധതിയായ ലാപ്‌ടോപ്പ് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് മുലായം രംഗത്തെത്തിയത്. അഖിലേഷ് വിതരണം ചെയ്‌ത ലാപില്‍ ജനങ്ങള്‍ മോഡിയുടെ മുഖവും പ്രസംഗവും കണ്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് മുലായത്തിന്റെ വാദം.
താന്‍ ലാപ്‌ടോപ്പ് പദ്ധതിക്ക് എതിരായിരുന്നു. നാം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കില്‍ അവയാണ് കാരണം. അതില്‍ മോഡി തന്റെ ചിത്രങ്ങളും പ്രസംഗവും ഇട്ടൂവെന്നും മുലായം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ദേശീയ സമിതിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇതുവരെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യമായി 15 ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അനുകൂലികള്‍ ഇവയുമായി മീഡിയ സെന്ററുകളിലെത്തി. പോരാത്തതിന് സര്‍ക്കാര്‍ നല്‍കിയ ലാപിലൂടെ മോഡിയുടെ ട്വീറ്റുകളും പ്രസംഗവും കണ്ടു. പദ്ധതി കുഴപ്പം സൃഷ്‌ടിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും മുലായം പറഞ്ഞു.
മുലായത്തിന്റെ രൂക്ഷവിമര്‍ശനത്തിന് പാര്‍ട്ടിയില്‍നിന്ന് മറുപടിയൊന്നും ഉയര്‍ന്നിട്ടില്ല. നേരത്തെ സംസ്‌ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് ആരോപിച്ചും മുലായം അഖിലേഷ് യാദവ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.