'ഞങ്ങളെ ആരും ഒന്നും അറിയിച്ചില്ല': ദാരുണമായി കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ

'ഞങ്ങളെ ആരും ഒന്നും അറിയിച്ചില്ല': ദാരുണമായി കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ

കോയമ്പത്തൂർ| Rijisha M.| Last Updated: വെള്ളി, 13 ജൂലൈ 2018 (16:54 IST)
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാൻ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാര്‍ഥിയ്‌‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.

കോവൈ കലൈമഗൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടാൻ മടിച്ച് നിൽക്കുകയും പരിശീലകൻ തള്ളിയിടുകയുമായിരുന്നു.

എന്നാൽ ഇതൊന്നും അറിഞ്ഞില്ലായിരുന്നു ലോഗേശ്വരിയുടെ മാതാപിതാക്കൾ. "രാവിലെ പരീക്ഷ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ഇങ്ങനെ ഒരു പരിപാടി നടക്കുന്ന കാര്യമൊന്നും അവൾ ഞങ്ങളോട് പറഞ്ഞിരുന്നില്ല. സംഭവം നടന്നതിന് ശേഷം കോളേജ് അധികൃതർ ഇതൊന്നും ഞങ്ങളെ അറിയിച്ചതുമില്ല. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം മാധ്യമങ്ങൾ മുഖേനയാണ് ഇതൊക്കെ അറിയുന്നത്. സംഭവം അറിഞ്ഞതിന് ശേഷം രാത്രി ഒമ്പതുമണിയോടെ അലന്തുറ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്."- ലേഗേശ്വരിയുടെ അച്ഛൻ പറയുന്നു.

വ്യാജ പരിശീലകൻ ആയിരുന്നു കുട്ടികളെ ട്രെയിൻ ചെയ്യാൻ കോളേജിൽ എത്തിയിരുന്നത്. പരിശീലകനെ പൊലീസ് അറസ്‌റ്റുചെയ്‌തു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ലോഗേശ്വരി മരിച്ചത്. ഒന്നാമത്തെ നിലയിൽ സൺഷേഡിൽ തലയിടിച്ചതിനെ തുടർന്ന് കഴുത്ത് മുറിയുകയും ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണസേനയായിരുന്നു കോളേജിൽ സംഘടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :