aparna shaji|
Last Updated:
ചൊവ്വ, 6 ഡിസംബര്‍ 2016 (12:43 IST)
മരണം വരെ ലജ്ജിച്ചായിരിക്കും ജയലളിതയുടെ കിടക്കയ്‌ക്ക് അരികിൽ നിന്നും യാത്രയായിട്ടുള്ളതെന്ന് നടി മഞ്‌ജു വാര്യർ. രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടു മുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിതയെന്ന് മഞ്‌ജു ഫേസ്‌ബുക്കിൽ കുറിച്ചു.
മഞ്‌ജു വാര്യരുടെ വാക്കുകളിലൂടെ:
മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങൾ. സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നർത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവിൽ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളർച്ചയായിരുന്നു അത്. എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം.