നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷം ഷാരൂഖ് ഖാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി; പ്രതിഷേധവുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍

മനീഷ് ശര്‍മ, ഫാന്‍, ഷാറൂഖ് ഖാന്‍
ന്യൂഡല്‍ഹി| rahul balan| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (12:26 IST)
മനീഷ് ശര്‍മയുടെ പുതിയ ചിത്രമായ ‘ഫാന്‍’ന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറക്കാനാണ് ഷാറൂഖ് ഖാന്‍ താന്‍ പഠിച്ച ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഹന്‍സ്‌രാജ് കോളെജിലെത്തിയത്. പരിപാടിയൊക്കെ ഭംഗിയായി കഴിഞ്ഞു. പോകാന്‍ നേരം പ്രിന്‍സിപ്പല്‍ അദ്ദേഹത്തെ വിളിച്ചു, എന്നിട്ട് പറഞ്ഞു: ദയവായി ഈ സര്‍ട്ടിഫിക്കറ്റ് കൂടി സ്വീകരിക്കണം. എന്നിട്ട് ഒരു കടലാസ് അദ്ദേഹത്തിന്റെ കൈയില്‍ വച്ചുകൊടുത്തു. ഷാരൂഖ് ഖാന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റായിരുന്നു അത്. 1985-88 വര്‍ഷങ്ങളില്‍ ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്!

രാജ്യത്തിന്റെ ഉന്നതബഹുമതിയായ പത്മശ്രീ, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി,
കൂടാതെ മികച്ച നടനുള്ള എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ഇവയൊക്കെ അദ്ദേഹത്തിന് ഇക്കാലയളവിനുള്ളില്‍ ലഭിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചിരുന്നു. പക്ഷേ താന്‍ ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്നുമാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

സിനിമാ രംഗത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഷാരൂഖ് തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്ക്റ്റ് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാങ്ങുന്നതെന്നു മാത്രം.

അതേസമയം ഷാരൂഖിനെ തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷാരൂഖിന്റെ കാര്‍ കോളേജിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ പരാമര്‍ശങ്ങളില്‍ ദേശവിരുദ്ധനെന്ന് വിളിച്ചുകൊണ്ടായിരുന്നു എ.ബി.വി.പിക്കാരുടെ പ്രതിഷേധം. ഷാരൂഖ് കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :