ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (12:31 IST)
രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹരിയാന കത്തിയെരിഞ്ഞതിന്റെ മൂന്നാം ദിനം കലാപത്തെ അപലപിച്ച് തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന് കി ബാതി’ലൂടെ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ അക്രമങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല. ആഘോഷവേളകളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആശങ്ക തോന്നുന്നത് സ്വാഭവികമാണ്.
രാഷ്ട്രീയം, മതം, മറ്റു പ്രശ്നങ്ങൾ എന്നിവയുടെ പേരിൽ നിയമം കൈയിലെടുത്തുകൊണ്ടുള്ള അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവത്തില്‍ താന്‍ അതീവ ദു:ഖിതനാണ്. രാജ്യത്തെ പൗരന്മാരെ വിശ്വാസത്തിലെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തെ പാവങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം വിവിധ സംസ്കരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അത് നമ്മുടെ രാജ്യത്തിനു മാത്രം ലഭിച്ച അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.