രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധനം വന്നേക്കും, പിന്നാലെ പുകയില കച്ചവടവും പൂട്ടും

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (15:02 IST)
രാജ്യത്ത് വര്‍ധിച്ചുന്‍ കൊണ്ടിരിക്കുന്ന മദ്യ ഉപഭോഗത്തിന് തടയിടാനായി കടുത്ത മദ്യ നിയന്ത്രണ സംവിധാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നികുതി ഉയര്‍ത്തിയും സ്ത്രീകളുടെ സഹായത്തോടെയും രാജ്യത്തെ മദ്യ ഉപഭോഗം കടുത്ത നിയന്ത്രണത്തിന്റെ കീഴില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ പിന്തുണയും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയതായാണ് വിവരം.

മദ്യ ഉപഭോഗ നിയന്ത്രണത്തിനു പിന്നാലെ പുകയില ഉത്പന്നങ്ങളുടെ മേലും നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് വിവരം.
മദ്യത്തിന്റെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം തുക ആരോഗ്യമേഖലയില്‍ സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരുന്നതായി ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യ തുടങ്ങിയവ വര്‍ധിച്ചു വരുന്നതായും ഇതിന് പ്രധാനകാരണം മദ്യത്തിന്റെ ഉപഭോഗമാണെന്നും സാമൂഹിക നീതി മന്ത്രാലയവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

മദ്യ ഉപഭോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് ആര്‍എസ്എസിന്റെ പിന്തുണയുമുണ്ട്. ജി‌എസ്‌ടിയുടെ പരിധിയില്‍ മദ്യത്തെ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇത് രാജ്യത്തിനുള്ളിലുള്ള മദ്യ കള്ളക്കടത്ത് തടയാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മദ്യത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയല്‍ ഏറെക്കാലമായി ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന പുകയില ഉത്പന്നങ്ങളുടെ മേലുള്ള നിയന്ത്രണവും കര്‍ശനമാക്കിയേക്കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :