‘കേന്ദ്രം നൽകിയ തുക അപര്യാപ്‌തമാണ്, അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണം’; മോദിക്ക് യെച്ചൂരിയുടെ കത്ത്

‘കേന്ദ്രം നൽകിയ തുക അപര്യാപ്‌തമാണ്, അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണം’; മോദിക്ക് യെച്ചൂരിയുടെ കത്ത്

Rijisha M.| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (11:38 IST)
കേരളത്തിന് അടിയന്തരസഹായമായി 2000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കേരളത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും വളരെ മികച്ച രീതിയിൽ നടക്കുന്നുണ്ട്. പത്ത് ലക്ഷം പേരാണ് ഇപ്പോൾ ക്യാംപുകളിൽ കഴിയുന്നത്. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്.

ലക്ഷക്കണക്കിന് വീടുകളാണ് തകർന്നിരിക്കുന്നത്. ഇത് പുനർനിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍നിന്ന് അനുവദിക്കണം. വീടുകളുടെ നിര്‍മാണത്തിന് കേന്ദ്രം ഐക്യരാഷ്ട്ര സംഘടനയുടെ സഹായം തേടണം. ഒപ്പം സംസ്ഥാനത്തെ നൂറുകണക്കിന് റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായി.

റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ആര്‍മി എന്‍ജിനിയറിംഗ് വിഭാഗത്തെയും അതിര്‍ത്തി റോഡ് നിര്‍മാണ ഏജന്‍സിയെയും പോലെ പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ളവരെ നിയോഗിക്കണം. പ്രളയജലം ഇറങ്ങുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെ സഹായിക്കണം.

സംസ്ഥാനം നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്നുള്ള സംഘങ്ങളെയും നിയോഗിക്കണം. ലോകാരോഗ്യ സംഘടനയുടെ സഹായം തേടണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :