കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് കുറ്റക്കാരനെന്ന് കോടതി, വീണ്ടും ജയിലിലേക്ക്

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു വീണ്ടും ജയിലിലേക്ക്, കുറ്റക്കാരനെന്ന് കോടതി

aparna| Last Modified ശനി, 23 ഡിസം‌ബര്‍ 2017 (16:59 IST)
കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസിൽ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ലാലു ഉൾപ്പെടെ കേസിൽ 16 പേരെയാണ് കോടതി കുറ്റകാരനെന്ന് വിധിച്ചത്.

ജഗന്നാഥ് മിശ്രയടക്കം ഏഴു പേരെയാണ് വെറുതെ വിട്ടത്. 1991-94 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽനിന്നു 89 ലക്ഷം രൂപ പിൻവലിച്ചുവെന്നായിരുന്നു കേസ്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണ് ഇത്.

വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ എത്തിയിരുന്നു. വിധി കേൾക്കാൻ മുഴുവൻ പ്രതികളും എത്തണമെന്ന കോടതി നിർദേശ പ്രകാരമാണ് ഇവർ എത്തിയത്. ലാലുവിനെ ജയിലിലേക്ക് മാറ്റും.

34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

2013 സെപ്റ്റംബർ 30ന് ആദ്യ കേസിൽ ലാലുവിന് അ‍ഞ്ചുവർഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :