ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 21 ജൂലൈ 2015 (08:03 IST)
വിവാദങ്ങള്‍ കത്തിനില്‍ക്കെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ലളിത് മോഡി വിവാദം,വ്യാപം അഴിമതി വിഷയങ്ങളില്‍ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്. സഭ നടപടികള്‍ സൂഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വ്വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞതിനാല്‍ വര്‍ഷകാല സമ്മേളനം ചൂടുപിടിക്കുമെന്ന് ഉറപ്പായി.
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍
ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസൂന്ധര രാജെ സിന്ധ്യ എന്നിവരുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യപം ഇടപാടില്‍ ആരോപണം നേരിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ എന്നിവര്‍ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
അഴിമതി കൂടാതെ ജാതി സെന്‍സസ്, കള്ളപ്പണം, ജമ്മുകശ്മീരിലെ വിഘടനവാദികളേടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ആയൂധമാക്കും. ചരക്ക് സേവന നികുതി ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകളാണ് ഈ സമ്മേളനകാലയളവില്‍ പരിഗണനയ്ക്ക് വരുന്നത്. പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോയാല്‍ ബില്ലുകള്‍ പാസാക്കുന്നത് സര്‍ക്കാറിന് വെല്ലു വിളിയാകും.
പ്രതിപക്ഷ പ്രതിഷേധത്തെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് ഭരണകക്ഷി അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്ര മന്ത്രി സുഷമ സ്വരാജ് നാല്‍പ്പത്തിയെട്ട്
മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അല്ലാത്ത പക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം അഴിച്ചു വിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്‌തു.