വിട്ടു വീഴ്‌ചയില്ലാതെ ഇരുപക്ഷവും; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ലളിത് മോഡി , സുഷമ സ്വരാജ് , വ്യാപം അഴിമതി , വസുന്ധര രാജെ സിന്ധ്യ
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (08:30 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെ അഴിമതി ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വ്യാപം അഴിമതിക്കൊപ്പം വസുന്ധര രാജെ സിന്ധ്യയുടെയും രാജിയും ഉയര്‍ത്തിക്കാട്ടിയാകും പ്രതിപക്ഷം ഇന്നും ആഞ്ഞടിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധിക്കാര മനോഭാവവും പിടിവാശിയുമാണ് പാര്‍ലമെന്റിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സങ്കുചിത ചിന്താഗതി മാറ്റിവച്ച് അഴിമതി വിരുദ്ധ സര്‍ക്കാരെന്ന വാഗ്ദാനം പാലിക്കാന്‍ അഴിമതിക്കാരായ മന്ത്രിമാരെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

പാര്‍ലമെന്റ് പ്രതിസന്ധി ഒഴിവാക്കാന്‍ ആരോപണവിധേയരായ മന്ത്രിമാരുടെ രാജിയെന്ന ഉപാധിയാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്. ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ ഒരു വിട്ടു വീഴ്ചയ്ക്കും സര്‍ക്കാരും പ്രതിപക്ഷവും തയ്യാറാകാത്ത സാഹചര്യത്തില്‍
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :