അഭിറാം മനോഹർ|
Last Modified ശനി, 11 ജനുവരി 2025 (11:51 IST)
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പരാമര്‍ശം അടുത്ത കാലത്തായി വലിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. വര്‍ക്ക്- ലൈഫ് ബാലന്‍സ് എന്ന സങ്കല്‍പ്പത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് കൂടി പറഞ്ഞ നാരായണമൂര്‍ത്തി പിന്നീട് താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അതിനപ്പുറം വരുന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ ആന്‍ഡ് ടി ചെയര്‍മാനായ എസ് എന്‍ സുബ്രഹ്മണ്യന്‍.
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യന്റെ ആവശ്യം. ആവശ്യമെങ്കില്‍ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ചെയര്‍മാന്‍ പറയുന്നു. ഞായറാഴ്ചകളില്‍ നിങ്ങളെ ജോലി ചെയ്യിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതിന് സാധിക്കുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കും. കാരണം ഞാന്‍ ഞായറാഴ്ചകളിലും ജോലി ചെയ്യുന്നു. വീട്ടിലിരുന്ന് എത്രനേരം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ നോക്കിനില്‍ക്കും. ഓഫീസില്‍ വന്ന് ജോലി ആരംഭിക്കു.
ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുന്ന ചൈനക്കാര്‍ ആഴ്ചയില്‍ 50 മണിക്കൂര്‍ ജോലി ചെയ്യുന്ന അമേരിക്കയെ മറികറ്റക്കുമെന്നാണ് അടുത്തിടെ ഒരു ചൈനീസ് സ്വദേശിയുമായി സംസാരിച്ച്ചപ്പോള്‍ അദ്ദേഹം പറയുന്നത്. അതാണ് കാര്യം. ലോകത്തിന്റെ നെറുകയില്‍ നിങ്ങള്‍ക്കെത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം. സുബ്രഹ്മണ്യന്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഈ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്നത്. മനുഷ്യനെ വെറും മെഷീനെ പോലെയാണ് മുതലാളിമാര്‍ കണക്കാക്കുന്നതെന്നും ആഴ്ചയില്‍ ഇത്രയും ജോലി ചെയ്യുന്ന സമ്പ്രദായം ഉയര്‍ന്ന നിലയിലുള്ള ഓഫീസര്‍മാരില്‍ നിന്നും ആരംഭിക്കട്ടെയെന്ന് പലരും അഭിപ്രായപ്പെടുന്നു.