വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജനുവരി 2025 (17:25 IST)
റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി
'ക്യാഷ്ലെസ് ട്രീറ്റ്മെന്റ്' പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍, ഈ പദ്ധതി പ്രകാരം ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും 2025 മാര്‍ച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ഗതാഗത മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ച ഗഡ്കരി, വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഇരകളുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ എക്‌സ്-ഗ്രേഷ്യ നല്‍കുമെന്നും വെളിപ്പെടുത്തി.'ക്യാഷ്ലെസ് ട്രീറ്റ്മെന്റ് എന്ന പേരില്‍ ഒരു പുതിയ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചുകഴിഞ്ഞാല്‍, ഏഴ് ദിവസം വരെയുള്ള ചികിത്സാ ചെലവുകള്‍ അല്ലെങ്കില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ വഹിക്കും. കൂടാതെ, വാഹനാപകട കേസുകളില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നല്‍കും,' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

2024-ലെ ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച്, റോഡ് സുരക്ഷ സര്‍ക്കാരിന്റെ മുന്‍ഗണനയായി തുടരുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങള്‍ മൂലമാണ് 1.8 ലക്ഷം മരണങ്ങള്‍ ഉണ്ടായതെന്നും അതില്‍ 30,000 മരണങ്ങളും ഹെല്‍മെറ്റ് ധരിക്കാത്തതുമൂലമാണെന്നും ഗഡ്കരി പറഞ്ഞു. ഈ അപകടങ്ങളില്‍ 66% വും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണെന്നും മന്ത്രി എടുത്തുപറഞ്ഞു.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സമീപം സുരക്ഷാ നടപടികള്‍ പാലിക്കാത്തതിനാല്‍ ഉണ്ടായ അപകടങ്ങളില്‍ 10,000 കുട്ടികളുടെ മരണവും ഗഡ്കരി ശ്രദ്ധയില്‍പ്പെടുത്തി. 'വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ മതിയായ ക്രമീകരണങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍ക്കും മിനിബസുകള്‍ക്കും ഞങ്ങള്‍ ഇപ്പോള്‍ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളമുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഗതാഗത നയങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണത്തോടെ
മരണങ്ങള്‍ കുറയ്ക്കുന്നതിന് അപകട സാധ്യതയുള്ള (ബ്ലാക്ക് സ്‌പോട്ട് ) കണ്ടെത്തി പരിഹരിക്കുന്നതിന് കൂട്ടായ ശ്രമം നടത്തണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :