ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വ്യാഴം, 5 നവംബര്‍ 2015 (14:02 IST)
ഇന്ത്യയിൽ നിന്നു വീട്ടുജോലിക്കായി വനിതകൾക്ക് ഇനി വീസ അനുവദിക്കേണ്ടതില്ലെന്ന് കുവൈത്ത്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് കുവൈറ്റ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇന്നലെയാണ് വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയ്ൻ ഇക്കാര്യം സ്ഥിരീകരിച്ചു.
വിദേശികൾ ഇന്ത്യയിൽ നിന്നു വീട്ടുജോലിക്കായി ആളെ എടുക്കുമ്പോൾ 2,500 യുഎസ് ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന് ഗൾഫ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കാത്ത ഏക രാജ്യമാണ് കുവൈത്തെന്നും സുനിൽ ജയ്ൻ വ്യക്തമാക്കി.
വീട്ടുജോലിക്കായി വിദേശ രാജ്യങ്ങളില്‍ എത്തപ്പെടുന്ന ഇന്ത്യക്കാര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊടിയ പീഡനങ്ങൾ അനുഭവിച്ചാലും പലർക്കും പരാതിപ്പെടാനാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആവശ്യപ്രകാരം കുവൈറ്റ്
വിസ നിയന്ത്രണം കൊണ്ടുവന്നത്.
നിലവിൽ കുവൈത്തിലുള്ള 7,50,000 ഇന്ത്യക്കാരിൽ 2,70,000 പേരാണ് വീട്ടുജോലിക്കാരായിട്ടുള്ളത്. തങ്ങളുടെ പൗരന്മാർ ബാങ്ക് ഗാരന്റി നൽകുന്നതിനെ കുവൈത്ത് പിന്തുണയ്ക്കാത്തതിനാൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടാണ് രാജ്യത്തു നിന്നു വീട്ടുജോലിക്കായി വനിതകൾക്കു വീസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് എടുത്തത്.