മോദി വാക്കുപാലിച്ചില്ല, കേരളം തോൽക്കില്ല; നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങി, കേരളത്തിന്റെ നിഷേധിച്ചു, എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി

അപർണ| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (10:33 IST)
കേരളത്തിന്റെ പുനർ‌നിർമാണത്തിനായി സഹായിക്കാമെന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്കു പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചില്ലെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ടെന്നും നമുക്ക് നമ്മുടെ നാടിനെ പുനർനിർമിച്ചേ മതിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

കേരളത്തിന് സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.

ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല.

പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയ്യാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസ്സിലാകാത്ത നിലപാട്സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനർനിർമ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :