അവർ ഞങ്ങളെ പച്ചയ്ക്ക് കത്തിച്ചേക്കാം, ആദിവാസികളെ മറയാക്കി ആദ്യ നീക്കം: ശബരിമല വിഷയത്തിൽ നേർസാക്ഷിയായി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

മോദിക്ക് ജയ് വിളിക്കുന്ന ശബരിമല വിശ്വാസികളോ?

അപർണ| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:14 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പമ്പയടക്കമുള്ള സ്ഥലത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചെങ്കിലും പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

പലയിടങ്ങളിലും മാധ്യമ പ്രവർത്തകരെ ബോധപൂർവ്വം ആക്രമിക്കുന്നുണ്ട്. സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കിയുള്ള
മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകന്‍ എം എസ് അനീഷ്‌കുമാര്‍ ആണ് അയ്യപ്പ ഭക്തരെന്ന പേരില്‍ അക്രമികള്‍ ഉണ്ടാക്കുന്ന ഭീകരതയെക്കുറിച്ച് വിവരിച്ചത്.

പോസ്റ്റിന്റെ പൂർണരുപം:

ഇന്നെഴുതാൻ തീരെ വയ്യ, പക്ഷെ എഴുതാതെ എങ്ങിനെ കിടക്കും.നിലയ്ക്കലിലെ റബർ മര ചുവട്ടിൽ കാറിനുള്ളിൽ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങൾ ഇന്നു രാത്രി തന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്.ഇന്നലെ രാവിലെ ആറു മണിയ്ക്ക് തുടങ്ങിയതാണോട്ടം. ആദിവാസികളെ മറയാക്കിയായിരുന്നു ആദ്യ അങ്കം. പമ്പയിലേക്ക് പുറപ്പെട്ട ഓരോ വാഹനവും നിർത്തിയിട്ട് പരിശോധിച്ചു. നിഷ്ക്കളങ്കരായ സ്ത്രീകൾ, പ്രായമെത്തിയവരും എത്താത്തവരുമായ വനിതാ തീർത്ഥാടകരെ പുറത്തേക്ക് തള്ളി. തെരുവിൽ വലിച്ചിഴച്ചു.വനിതാ മാധ്യമ പ്രവർത്തകരായ കാജൽ, ദേവി എന്നിവരെ വഴിയിൽ തന്നെ തടഞ്ഞിട്ടു.

പകൽ പ്രക്ഷോഭത്തിനു ശേഷം ഇന്നലെ അർദ്ധരാത്രിയ്ക്കു മുമ്പേ നാട്ടുകാരായ സമരക്കാർ പന്തൽ വിട്ടു. ത്യശൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള കാവി മുണ്ടും കാവി ഷാളും ധരിച്ചയാളുകൾ പന്തലിലെത്തി. പുലർച്ചെ മൂന്നരയോടെ തെറി വിളിയുടെ അകമ്പടിയോടെ കാറിൽ ഉച്ചത്തിൽ തട്ടുന്നത് കേട്ടാണ് ഉറക്കമുണർന്നത്. മാതൃഭുമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ന്റെയുമെല്ലാം ഡി.എസ്.എൻ.ജികൾ സ്ഥലത്തു നിന്നു മാറ്റിച്ചു.മാതൃഭൂമിയിലെ ഷാനവാസിനെയും ഏഷ്യാനെറ്റിലെ അജിത്തിനെയുമെല്ലാം കയ്യേറ്റം ചെയ്തു. പിന്നീട് പലായനമായിരുന്നു. നിലയ്ക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലത്തേയ്ക്ക് വാഹനങ്ങൾ മാറ്റി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുരക്ഷ ഉറപ്പു നൽകിയതോടെ മടങ്ങിയെത്തി. നേരം പുലർന്നതോടെ സമരക്കാർ അഴിഞ്ഞാട്ടം തുടർന്നു. ബസുകൾ തടഞ്ഞ് യുവതികൾക്കായുള്ള പരിശോധന പുനരാരംഭിച്ചു.ഈ ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു.ഗുണ്ടകളെ റബർ തോട്ടത്തിലേക്ക് അടിച്ചോടിച്ചു. സമരപ്പന്തലും പൊളിച്ചു. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ വീണ്ടുമെത്തി കളം മാറി. റബർ തോട്ടത്തിലൂടെ ഓടിയവർ വീണ്ടുമെത്തി സമരം തുടർന്നു.ബി.ജെ.പി നേതാക്കൾ നിലയ്ക്കൽ പമ്പിനടുത്തുള്ള പുതിയ സമരമുഖത്തേക്ക്.ശരണമന്ത്രങ്ങൾക്കൊപ്പം അസഭ്യവർഷങ്ങളുമായി പ്രവർത്തകരുടെ അഴിഞ്ഞാട്ടം.നാലു വനിതാ മാധ്യമ പ്രവർത്തകരെ മർദ്ധിച്ചു.മാധ്യമ വാഹനങ്ങൾ തല്ലിത്തകർത്തു.

അയ്യപ്പനായി സമരം നടത്തുന്നവർ മൂലം സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ യാത്ര മണിക്കൂറുകളോളം തടസപ്പെട്ടു. റോഡുകളിൽ അഴിഞ്ഞാട്ടം സർച്ച സീമയും ലംഘിച്ചതോടെ പോലീസ് ലാത്തി വീശി. കാട്ടിനുള്ളിൽ ഓടിക്കയറിയ ഗുണ്ടകൾ അവിടെ നിന്നും കല്ലെറിഞ്ഞു. കാമറകളും വാഹനങ്ങളും എറിഞ്ഞുതകർത്തു.മാധ്യമ പ്രവർത്തകരെ വളഞ്ഞു തല്ലി.രാത്രിയോടെ പത്തനംതിട്ടയിലേയ്ക്കു പോയ മനോരമ വാഹനത്തിന് നൽകിയ ഏറു കിട്ടിയത് പോലീസ് വണ്ടിയ്ക്ക് .നിയന്ത്രണം വിട്ട വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട പോലീസുകാർ പരുക്കുകളോടെ മെഡിക്കൽ കോളേജിൽ.

സുപ്രീംകോടതി വിധി മുതൽ നരേന്ദ്ര മോദിയ്ക്കെതിരായ വിമർശനം വരെ ചൂണ്ടിക്കാട്ടിയാണ് തെറി വിളിയും തച്ചുടയ്ക്കലും. അഴിഞ്ഞാട്ടത്തിന്റെ പിന്നിലാരെന്നു പറയാൻ രണ്ടു ദിവസമായി ഇവിടെ തങ്ങുന്ന ഞങ്ങൾക്ക് പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. ഞങ്ങൾക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നൽകുന്നു നിങ്ങൾ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നൽകുന്ന സന്തോഷം ചെറുതുമല്ല. മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങൾ ഉയർത്തുന്ന ഈ വെല്ലുവിളിയും അതി ജീവിയ്ക്കും. വശങ്ങളിൽ വന്ന് വധഭീഷണി നൽകി മറഞ്ഞവർ നാളെ കൈവെയ്ക്കുമെന്നു തന്നെ കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :