കേരളത്തിലെ 18 നഗരങ്ങള്‍ കേന്ദ്രം വികസിപ്പിക്കും, കൂടാതെ ഒരു സ്മാര്‍ട്ട് സിറ്റിയും നല്‍കും

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (15:19 IST)
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചു എന്ന് പറഞ്ഞ് വിലപിക്കുന്നവരുടെ വായ് മൂടിക്കെട്ടാന്‍ പാകത്തിന് കേരളത്തിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ വമ്പന്‍ അടിസ്ഥാന വികസന പദ്ധതികള്‍ എത്തുന്നു. രാജ്യമൊട്ടുക്കുമായി 500 നഗരങ്ങള്‍ 'അമൃത്' പദ്ധതിയിൽ (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ സ്‌കീം) ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത് 18 നഗരങ്ങള്‍.
കൂടാതെ കേരളത്തിന് കേന്ദ്രത്തിന്റെ വകയായി ഒരു സ്മാര്‍ട്ട് സിറ്റിയും ലഭിക്കും.

കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ചേർത്തല, കായംകുളം, കോട്ടയം, പാലക്കാട്, ആലപ്പുഴ, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, കാസർകോട്, ചങ്ങനാശ്ശേരി, ചാലക്കുടി, കോതമംഗലം എന്നീ നഗരങ്ങളെയാണ് കേരളത്തിൽ നിന്ന് 'അമൃത്' പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വലിയ അടിസ്ഥാന സൗകര്യവികസനമാകും ഈ സ്ഥലങ്ങളിൽ എത്തുക. സ്മാര്‍ട്ട് സിറ്റിയായി
തെരഞ്ഞെടുക്കുന്ന നഗരത്തിന് വര്‍ഷത്തില്‍ 100 കോടി രൂപയാണ് അടിസ്ഥാന സൌകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുക. അഞ്ച് വര്‍ഷം കൊണ്ട് 500 കോടി ലഭിക്കും.

സ്വകാര്യമേഖലയെ വൻതോതിൽ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, അഴുക്കുചാൽ, പരിസ്ഥിതി സംരക്ഷണം, കുട്ടികളെ ലക്ഷ്യംവച്ചുള്ള പാർക്കുകൾ എന്നിവയ്ക്കാണ് പദ്ധതിയിൽ ഊന്നൽ. ഇതോടൊപ്പം, മുനിസിപ്പൽ ഭരണവുമായി ബന്ധപ്പെട്ട് ചില പരിഷ്‌കരണങ്ങളും കേന്ദ്രം നിർദേശിക്കും.

സംസ്ഥാനങ്ങൾ പ്രത്യേക മുനിസിപ്പൽ കാഡറുകൾ രൂപവത്കരിക്കുകയും മുനിസിപ്പൽ ഭരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തുകയും വേണം. ഇ-ഭരണം നടപ്പാക്കണം. ഫണ്ടുകളുടെ കൈമാറ്റത്തിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും മുനിസിപ്പാലിറ്റികളുടെ നികുതി പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഷ്‌കരിക്കുകയും ചെയ്യണം. വൈദ്യുതി, വെള്ളം എന്നിവ ചെലവഴിക്കുന്നതിന്റെ ഓഡിറ്റിങ് അനിവാര്യമാകും. ഓരോ പദ്ധതിയും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും കേന്ദ്രവിഹിതം ലഭിക്കുക.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നിർവഹിക്കും. നഗരവികസനത്തിനുള്ള മൂന്നു പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അമൃത്, സ്മാർട്ട് സിറ്റി, 2022ഓടെ എല്ലാവർക്കും വീട് എന്നീ പദ്ധതികളാണവ. 500 ചെറുനഗരങ്ങളുടെ വികസനം, 100 സ്മാർട്ട് സിറ്റികളുടെ നിർമ്മാണം, ഏഴു വർഷത്തിനുള്ളിൽ രണ്ടുകോടി പുതിയ വീടുകൾ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കേന്ദ്രമന്ത്രിസഭ ഈയിടെ അനുമതി നൽകിയിരുന്നു. സ്മാർട്ട് സിറ്റി മിഷന് 48,000 കോടി രൂപയും അമൃത് മിഷന് 50,000 കോടി രൂപയുമാണ് പദ്ധതി അടങ്കൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :