രേണുക വേണു|
Last Modified ചൊവ്വ, 8 ഏപ്രില്‍ 2025 (16:45 IST)
Kedar Jadhav Joins BJP: ഇന്ത്യ ക്രിക്കറ്റ് ടീം മുന്‍ താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ബവന്‍കുലെയാണ് മുംബൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ കേദാര്‍ ജാദവിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
2024 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കേദാര്‍ ജാദവിനു 40 വയസ്സാണ് പ്രായം. നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും വികസനത്തിന്റെ രാഷ്ട്രീയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും കേദാര്‍ ജാദവ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ഫ്രാഞ്ചൈസുകളുടെ ഭാഗമായിരുന്നു.
2014 ലാണ് കേദാര്‍ ജാദവ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 73 ഏകദിനങ്ങളില്‍ നിന്നായി 42.09 ശരാശരിയില്‍ 1,389 റണ്‍സ് നേടിയിട്ടുണ്ട്. പാര്‍ട് ടൈം ഓഫ് സ്പിന്നര്‍ കൂടിയായ കേദാര്‍ ജാദവ് 5.15 ഇക്കോണമിയില്‍ 27 വിക്കറ്റുകള്‍ വീഴ്ത്തി. 2017 ല്‍ പൂണെയില്‍ വെച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യ 351 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ 76 ബോളില്‍ 120 റണ്‍സ് നേടി കേദാര്‍ ജാദവ് തിളങ്ങി.