രേണുക വേണു|
Last Modified ചൊവ്വ, 8 ഏപ്രില്‍ 2025 (08:40 IST)
Krunal Pandya: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനു ജയിച്ചതിനു പിന്നാലെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ച് ക്രുണാല്‍ പാണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ് ഹാര്‍ദിക്. ക്രുണാല്‍ പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരവും.
ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞത് ക്രുണാല്‍ ആണ്. ഈ സമയത്ത് ഗ്രൗണ്ടിലെ സ്‌ക്രീനില്‍ ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഹാര്‍ദിക്കിന്റെ മുഖം പലവട്ടം തെളിഞ്ഞു. ഹാര്‍ദിക്കിന്റെ ബാറ്റിങ്ങില്‍ മികവില്‍ മുംബൈ ജയിക്കുമെന്ന് തോന്നിപ്പിച്ച ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് പുറത്തായതോടെ കാര്യങ്ങള്‍ ആര്‍സിബിക്ക് അനുകൂലമായി. 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 42 റണ്‍സാണ് ഹാര്‍ദിക് നേടിയത്.
സഹോദരന്റെ ബാറ്റിങ് പ്രകടനം മികച്ചതായിരുന്നെന്ന് ക്രുണാല്‍ പറഞ്ഞു. എന്നാല്‍ ക്രിക്കറ്റില്‍ ഒരാള്‍ക്ക് മാത്രമല്ലേ ജയിക്കാന്‍ സാധിക്കൂവെന്നും ക്രുണാല്‍ മത്സരശേഷം പ്രതികരിച്ചു.
' ഏതെങ്കിലും ഒരു പാണ്ഡ്യയെ (താനോ ഹാര്‍ദിക്കോ) ജയിക്കൂ എന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കിടയിലെ സ്‌നേഹവും അടുപ്പവും വളരെ സ്വാഭാവികമായി ഉള്ളതാണ്. ഹാര്‍ദിക് വളരെ നന്നായി ബാറ്റ് ചെയ്തു, അവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. എന്നാല്‍ ടീം ജയിക്കുക എന്നുള്ളതാണ് ഞങ്ങള്‍ക്കു പ്രധാനം,' ഹാര്‍ദിക് പറഞ്ഞു.
നേരത്തെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്രുണാല്‍. ഒരു കാലത്ത് മുംബൈയുടെ തുറുപ്പുചീട്ടുകളായിരുന്നു പാണ്ഡ്യ സഹോദരന്‍മാന്‍. മുന്‍പ് വാങ്കഡെയില്‍ കളിച്ചിട്ടുള്ള പരിചയം തനിക്കു ഗുണം ചെയ്‌തെന്നും ക്രുണാല്‍ പറഞ്ഞു. നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ക്രുണാല്‍ വീഴ്ത്തിയത്.
ക്രുണാല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയിരുന്നത് 19 റണ്‍സ് മാത്രമാണ്. ഈ ഓവറില്‍ വെറും ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ക്രുണാലിനു സാധിച്ചു.