ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക്

കരുണാനിധി, സ്റ്റാലിൻ, അഴഗിരി, Karunanidhi, Stalin, Azhagiri
ചെന്നൈ| BIJU| Last Updated: ചൊവ്വ, 7 ഓഗസ്റ്റ് 2018 (22:06 IST)
ജനക്കൂട്ടത്തിന്റെ നേതാവായിരുന്നു മുത്തുവേൽ കരുണാനിധി. തമിഴകത്തിന്റെ കലൈഞ്ജർ. അണ്ണാദുരൈ, എം ജി ആർ, ജയലളിത എന്നീ ജനനായകർ മറഞ്ഞപ്പോഴും തമിഴകത്തിന് കരുണാനിധിയെന്ന തണലുണ്ടായിരുന്നു. ആ തണലാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പതിറ്റാണ്ടുകളായി തമിഴക രാഷ്ട്രീയമെന്നാൽ അത് ജയലളിത - കരുണാനിധി ശത്രുത തന്നെയായിരുന്നു. ഇരുവരുടെയും പോരാട്ടത്തിന്റെ ജയവും തോൽവിയും എല്ലാം ആദ്യം അപ്രസക്തമായത് ജയലളിതതയുടെ അപ്രതീക്ഷിത വിയോഗത്തോടെയാണ്. ഇപ്പോൾ കരുണാനിധിയും കാലത്തിന്റെ കണക്കുകൂട്ടലുകൾക്ക് കീഴടങ്ങിയിരിക്കുന്നു.

സിനിമകൾക്ക് തിരക്കഥ രചിച്ച അതേ പാടവത്തോടെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കഥയും കരുണാനിധി രചിച്ചത്. അർത്ഥപൂർണമായിരുന്നു ആ രാഷ്ട്രീയ ജീവിതം. അഞ്ചുതവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി. അധികാരത്തിൽ നിന്ന് ഒഴിഞ്ഞുനിന്നപ്പോഴും തമിഴകം വലം വച്ചത് കരുണാനിധിയെന്ന ചാണക്യന് ചുറ്റുമായിരുന്നു. ആ വാക്കുകൾക്കായാണ് തമിഴ് ജനത എന്നും കാത്തിരുന്നത്. കഴിഞ്ഞ കുറച്ചുനാളായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ പോലും ആ മൗനത്തെ സ്പർശിച്ച് തമിഴ് ജനത ആശ്വാസം കൊണ്ടു. അദ്ദേഹം സംസാരിച്ചില്ലെങ്കിലും സ്വതന്ത്രമായി ചലിച്ചില്ലെങ്കിലും ആ സാന്നിധ്യം തമിഴ് ജനതയ്ക്ക് വലിയ ധൈര്യമായിരുന്നു.

ദ്രാവിഡരാഷ്ട്രീയത്തിൽ അണ്ണാദുരൈയുടെ തത്വങ്ങൾ അണുവിട തെറ്റാതെ കരുണാനിധി പിന്തുടർന്നു. പിന്നീട് ഡി എം കെയെ നയിച്ചപ്പോഴും അണ്ണായുടെ ദർശനങ്ങൾക്ക് കരുണാനിധി പ്രാധാന്യം നൽകി. കരുണാനിധിയുടെ വാക്കുകളുടെ ശക്തി ആദ്യം സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും ലോകത്തിന് ബോധ്യപ്പെട്ടു. പരാശക്തി എന്ന സിനിമയിലെ വാചകങ്ങൾ ഇന്നും ജനമനസുകളിൽ സ്ഫോടനം തീർക്കുന്നു.

ഒരു തെരഞ്ഞെടുപ്പിലും തോൽക്കാത്ത ജനനായകനായിരുന്നു കരുണാനിധി. വർഷങ്ങളായി വീൽചെയറിലായിരുന്നു ആ ജീവിതമെങ്കിലും തമിഴ് ജനതയുടെ മിടിപ്പ് പോലും വായിച്ചുകൊണ്ടാണ് ആ വീചെയർ ചക്രങ്ങൾ ഉരുണ്ടത്. കരുണാനിധിയുടെ അന്ത്യത്തോടെ തമിഴകത്തിന്റെ ആത്മാവിൽ ഇടമുള്ള അവസാനത്തെ രാഷ്ട്രീയക്കാരനാണ് മറയുന്നത്. തമിഴ് ഉള്ളിടത്തോളം കാലം കരുണാനിധി ഓർമ്മകളിൽ ജീവിക്കും.

ഉടൽ മണ്ണുക്ക്
ഉയിർ തമിഴുക്ക്...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :