ചെന്നൈ|
jibin|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (21:52 IST)
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധിയുടെ (94) മൃതദേഹം ഗോപാലപുരത്തെ വീട്ടിലെത്തിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്ന് 9.15ഓടെയാണ് കലൈഞ്ജറുടെ മൃതദേഹം എടുത്തത്.
നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തോടെയാണ് കരുണാനിധിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്തെത്തിച്ചത്. സ്‌ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകരും നേതാക്കളും പ്രിയനേതാവിനെ കാണാന്‍ കാവേരി ആശുപത്രിക്ക് മുമ്പില്‍ തടിച്ചു കൂടിയിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ കരുണാനിധിയുടെ മൃതദേഹം രാജാജി നഗറിൽ പൊതു ദര്‍ശനത്തിന് വെക്കും. വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, ചെന്നൈ മറീന ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സമയം കൂടി പരിഗണിച്ചാകും ചടങ്ങുകള്‍ നടക്കുക. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രിക്ക് പുറമെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, നേതാക്കളായ മുകുൾ വാസ്നിക്, ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങിയവർ നാളെ ചെന്നൈയിലെത്തും.
പനിയും അണുബാധയും മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിശ്ചലമായതോടെയാണ്
കരുണാനിധിയുടെ മരണം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കലൈഞ്ജറുടെ നില അതീവ ഗുരുതരമായി. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മരണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു. മരണസമയത്ത് മക്കളായ എംകെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡിഎംകെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.
അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കുകയാണ്.