കനയ്യ കുമാറിനെ നിലത്തിട്ട് ചവിട്ടി; പട്യാല ഹൌസ് കോടതിയില്‍ ബിജെപി അഭിഭാഷകരുടെ അഴിഞ്ഞാട്ടം, പത്തുമിനിറ്റിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ജെഎന്‍യു  വിഷയം , പട്യാല ഹൌസ് കോടതി , കനയ്യകുമാര്‍ , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (15:40 IST)
ജഹവര്‍ലാല്‍ നെഹ്‌റു വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ വീണ്ടും സംഘര്‍ഷം. ജെഎന്‍യു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഹാജരാക്കുന്നതിനു തൊട്ടുമുമ്പാണ് ബിജെപി, സംഘപരിവാര്‍ അഭിഭാഷകര്‍ അഴിഞ്ഞാടുകയും ആക്രമം അഴിച്ചു വിടുകയും ചെയ്‌തിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടു പോകുന്നതുവഴി അഭിഭാഷകര്‍ കനയ്യകുമാറിനെ ആക്രമിക്കുകയും ചെയ്‌തു. അഭിഭാഷകസംഘം കനയ്യ കുമാറിനെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

അതേസമയം, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടു. 10 മിനിറ്റിനകം പൊലീസ് അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് പട്യാല ഹൌസ് കോടതിയിലെത്തി റിപ്പോര്‍ട്ട് ശേഖരിക്കുക. കനയ്യകമാറിനെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പട്യാല ഹൌസ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കോടതി പരിസരം ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അമ്പതോളം വരുന്ന അഭിഭാഷകരാണ് ആക്രമണം അഴിച്ചുവിട്ടത്. കോടതി വളപ്പില്‍ തുടങ്ങിയ അക്രമം കോടതി മുറിക്കുള്ളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം തിരിയുകയായിരുന്നു. ബിജെപിക്കാരല്ലാത്ത ആരെയും കോടതിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ബിജെപി അഭിഭാഷകര്‍ സ്വീകരിച്ചത്. 400 ഓളം വരുന്ന പൊലീസിനെ കാഴ്‌ചക്കാരാക്കിയാണ് അഭിഭാഷകര്‍ ആക്രമം നടത്തിയത്.

കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷ നല്‍കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയും മറികടന്ന് അഭിഭാഷകന്‍ കനയ്യ കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. ദേശീയ പതാകയുമായെത്തിയ ബിജെപി അനുകൂലികളായ അഭിഭാഷകർ തങ്ങളെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :