ഡന്റല്‍ ക്ലിനിക് തീവ്രവാദ ക്യാമ്പാക്കി, ജെഎംബി ഇന്ത്യയില്‍ പിടിമുറുക്കിയതിങ്ങനെ

ജെഎംബി, ബംഗ്ലാദേശ്, തീവ്രവാദം, എന്‍‌ഐ‌എ
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (16:44 IST)
ബംഗ്ലാദേശീ ഭീകര സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശും(ജെഎംബി) ഇന്ത്യയില്‍ താവളമുറപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഞെട്ടിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘടന രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് ചരട് വലിച്ചു എന്നും തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസമിലെ ബര്‍പേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു ഡന്റല്‍ ക്ളിനിക്കിലാണ് തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിച്ചതും ആസൂത്രണങ്ങള്‍ നടത്തിയതും.

അസമില്‍ മാത്രം 30 ഓളം കണ്ണികളാണ് ഈ തീവ്രവാദ സംഘടനയ്ക്കുള്ളത് എന്നാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇത് അവരെ ഞെട്ടിക്കുക തന്നെ ചെയ്തിട്ടുണ്ട്. സംഘടനയുടെ ലക്ഷ്യം അസമും പശ്ചി ബംഗാളും കൂട്ടി ചേര്‍ത്ത് ഗ്രേറ്റര്‍ ബംഗ്ളാദേശ് എന്ന രാഷ്ട്രത്തിന്‍റെ രൂപീകരണത്തിനായാണെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

അസമിലെ ഒരു ഡന്റല്‍ ക്ലിനിക്കിന്റെ പേരില്‍ എത്തുന്ന വിദേശ സഹായം മദ്രസകള്‍ ഉള്‍പ്പടെയുള്ള പശ്ചിമ ബംഗാളിലെയും അസമിലെയും പല സ്ഥലങ്ങളിലേയ്ക്കും കൈമാറ്റം ചെയ്യുന്നതിനെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഷഹ്നൂര്‍ ആലം എന്നയാളാണ് ക്ലിനിക്ക് നടത്തുന്നത്. ഇയാളും ഭാര്യ സുഗുണയുമാണ് ജെഎംബിയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തിരുന്നത്.

ആലം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ സുഗുണ ഫണ്ട് കൈമാറ്റമാണ് നിയന്ത്രിച്ചിരുന്നത്. ജമാത്ത് അംഗങ്ങളെ പരിശീലിപ്പിയ്ക്കുന്നതിന് വേണ്ടിയും ബോംബ് നിര്‍മ്മാണത്തിനും വേണ്ടിയാണ് പണം ഉപയോഗിച്ചത്. യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പുറെമ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നതിനും ആലം ശ്രമിച്ചിരുന്നു. കലാപങ്ങളിലൂടെ ശ്രദ്ധ തിരിച്ച് വിടാനായിരുന്നു പദ്ധതി.

പ്രദേശത്തേ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഈ ദമ്പതിമാര്‍ക്ക് വളരെ അടുത്തബന്ധമുണ്ട്. ഈ നേതാക്കള്‍ ഇപ്പോള്‍ എന്‍‌ഐ‌എ നിരീക്ഷണത്തിലാണ്. അസം ഒളിത്താവളമാക്കി പ്രവര്‍ത്തിക്കുന്ന ജെഎംബിക്ക് പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 80 ഓളം ചെറു സംഘങ്ങള്‍ രാജ്യത്തുണ്ട്. പശ്ചിമ ബംഗാളില്‍ മാത്രം 55 കണ്ണികള്‍, അസമില്‍ 25 മുതല്‍ 30 വരെ ഉണ്ടാകാമെന്നാണ് എന്‍‌ഐ‌എ കരുതുന്നത്.

ഉള്‍ഫ, ഹുജി എന്നിവയുമായി കൈകോര്‍ത്ത് അസമില്‍ ചുവടുറപ്പിക്കാന്‍ ജെഎംബിക്ക് കഴിഞ്ഞു എന്ന വിലയിരുത്തലാണ് എന്‍‌ഐ‌എക്കുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ജെഎംബിയ്ക്ക് കണ്ണികളുണ്ടോ എന്ന് അന്വേഷിയ്ക്കുകയാണ് എന്‍ഐഎ.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :