ബാംഗ്ലൂര്‍|
vishnu|
Last Modified തിങ്കള്‍, 13 ഒക്ടോബര്‍ 2014 (10:48 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ തമിഴ്നാടിലെ ജയിലിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തമിഴ്നാട് രേഖാമൂലം ആവശ്യപ്പെടാതെ നടപടിയെടുക്കാന്‍ കര്‍ണ്ണാടകയ്ക്ക് കഴിയില്ല. ജയലളിതയെ കര്‍ണാടക ജയിലില്‍ താമസിപ്പിക്കുന്നത് ക്രമസമാധന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജയലളിതയെ ശിക്ഷിച്ചുകൊണ്ട് വിചാരണകോടതി വിധി വന്നതിനേ തുടര്‍ന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു പുറമെ നിരവധി എഐഡിഎംകെ പ്രവര്‍ത്തകരാണ് ജയലളിതയെ കാണുന്നതിനും പ്രതിഷേധിക്കുന്നതിനും കര്ണ്ണാടകയിലേക്കെത്തുന്നത്. ഇത് നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതിനാലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്.
സുപ്രീംകോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇനി ജാമ്യം കിട്ടിയില്ലെങ്കില്‍ പോലും ജയലളിതയെ തമിഴ്നാട്ടിലേക്ക് മാറ്റുന്നതില്‍ കര്‍ണ്ണാടക എതിര്‍ക്കില്ല. ഇതിനോടകം തന്നെ ജയലളിതയുടെ സുരക്ഷയ്ക്കും മറ്റുമായി ഭീമമായ തുകയാണ് കര്‍ണ്ണാടകയ്ക്ക് മുടക്കേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ്
ജയലളിത ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അതിന് അനുകൂലമായി പ്രോസിക്യൂഷന് നിലപടെടുത്തത്.
എന്നാല്‍ ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന് വാക്കാല്‍ ജാമ്യം നല്‍കാമെന്ന് നിലപാടെടുത്തിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിലുപരി മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.