ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (13:11 IST)
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിൽ പൊട്ടിത്തെറി. യോഗത്തിനിടെ ഹരിയാനയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗവും സിപിഎമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയുമായ ജഗ്മതി സാഗ്‌വാന്‍ കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ച്
യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ബംഗാളിലെ കോൺഗ്രസ് സഖ്യത്തോടുള്ള എതിർപ്പ് വ്യക്തമാക്കിയാണ് രാജിയെന്നും, കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും ബംഗാൾ ഘടകത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് താന്‍ രാജിവക്കുന്നതെന്നും ജഗ്മതി സംഗ്വാന്‍ വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തെ എതിര്‍ത്തെങ്കിലും പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അവര്‍ ആരോപിച്ചു.
അതേസമയം, ജഗ്‌മതിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. അച്ചടക്ക ലംഘനം മൂലമാണ് അവരെ പുറത്താക്കിയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ അവരെ അനുനയിപ്പിക്കാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചെങ്കിലും തീരുമാനം പിൻവലിക്കാൻ അവർ തയ്യാറായില്ല. അതന്ത്യം വികാരഭരിതയായാണ് അവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. രാജിയെക്കുറിച്ച് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ താൻ രാജിക്കത്ത് നൽകുകയും ഇറങ്ങിപ്പോരുകയുമായിരുന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.