ഇസ്ലാമിക് സ്റ്റേറ്റിനെ കരുതിയിരിക്കാന്‍ റോയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 2 മെയ് 2015 (19:57 IST)
പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വളരെ വേഗം സ്വാധീനം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ പുതിയ ക്രൌര്യമായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ജാഗ്രത വേണമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗ്‌( റോ) മുന്നറിയിപ്പ്. ഈ ഭഗങ്ങളിലെ തീവ്രവാദികളുമായി ഐ‌എസ് സഖ്യം സ്ഥാപിക്കുന്നതായും അമേരിക്ക സേനാ പിന്മാറ്റം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതൊടെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മേഖലയിലുള്ള തീവ്രവാദികളെല്ലാം ഒരുമിച്ച് ഇന്ത്യയ്ക്കെതിരെ സായുധ ആക്രമണങ്ങള്‍ നടത്തുമെന്നാണ് റോയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് റോ സമര്‍പ്പിച്ചതായാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

അഫ്ഗാൻ - പാക്- ഇറാൻ മേഖലയില്‍ വിലായത് ഖുറാസൻ എന്ന പോഷക ഭീകര സംഘടന രൂപീകരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് അബു മുഹമ്മദ് അൽ അദ്നാനി കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു .
മുൻ തെഹരീക് ഇ താലിബാൻ ഭീകരനും അൽ ഖൊയ്ദയുമായി അടുത്ത ബന്ധമുള്ള ആളുമായ അസ്മത്തുള്ളയാണ് വിലായത് ഖുറാസന്റെ സൈനിക മേധാവി . അസ്മത്തുള്ള പാക് സൈന്യവുമായി ബന്ധം സ്ഥാപിച്ചതായാണ് റോയുടെ റിപ്പോര്‍ട്ട് പറയുന്നത്.
കൂടാതെ ഗ്വാണ്ടനാമോയിൽ തടവുകാരനായിരുന്ന താലിബാൻ ഭീകരൻ അബ്ദുൾ റഹിം മുസ്ലിം ദോസ്ത് വിലായത് ഖുറാസന്റെ ആത്മീയ നേതാവായി ചുമതലയേറ്റതും അന്വേഷണ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.

ഇയാള്‍ക്ക് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സ്വാധീനമുള്ള ലഷ്കര്‍ ഇ തോയ്ബയുമായി അടുത്ത ബന്ധമാണുള്ളത് എന്ന് റോ പറയുന്നു. പാക് അഫ്ഗാൻ ഗോത്രമേഖലയിലെ വ്യത്യസ്ത ഭീകര സംഘടനകൾ വൈര്യം മറന്ന് അല്‍ക്വയ്ദയുടെ നേതൃത്വത്തില്‍ ഒരുമിച്ചിരിക്കുകയാണ്. അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്‍‌വാങ്ങുന്നതോടെ ഈ സംഘടനകളെല്ലാം ഇന്ത്യയെ ലക്ഷ്യം വയ്ക്കും. കൂടാതെ അഫ്ഗാനിലെ ഹഖാനി ശൃംഖലയും ഇല്യാസ് കശ്മീരിയുടെ ബ്രിഗേഡ് 313 യും ഇന്ത്യയ്ക്ക് കനത്ത ഭീഷണിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. അഫ്ഗാനിലെ ഇന്ത്യന്‍ സാന്നിധ്യത്തില്‍ ഇവര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.

ഇന്ത്യയ്ക്കെതിരെ ഇവരെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ‌എസ്‌ഐയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഗുരുതരമായ ഭവിഷ്യത്തായിരിക്കും ഫലം. ലഷ്കര്‍ ഇ തോയ്ബ, അല്‍ക്വായിദ, ഇസ്ലാമിക് സ്റ്റേറ്റ്, അഫ്ഗാന്‍ തീവ്രവാദികള്‍, ഐ‌എസ്‌ഐ, പാക് സൈന്യം എന്നിവര്‍ ഒരുമിക്കുന്നത് ഇന്ത്യയ്ക്ക് കനത്ത ഭീഷണി തന്നെയാണ്. ഇത് മുൻകൂട്ടിക്കണ്ടാണ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :