ന്യൂഡൽഹി|
സജിത്ത്|
Last Modified ചൊവ്വ, 1 നവംബര്‍ 2016 (07:54 IST)
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കേന്ദ്ര സർക്കാർ അവഗണിച്ചതായി കോൺഗ്രസ്. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം രാജ്യതലസ്ഥാന നഗരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ച് ആഘോഷിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
പക്ഷിപ്പനിയെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥൽ അടച്ചിട്ടിരുന്നു. അതിനാല്‍ ഇന്ദിര വെടിയേറ്റു വീണ സഫ്ദർജങ് റോഡിലെ വസതിയിലാണു രക്തസാക്ഷിത്വ ദിനം പാര്‍ട്ടി ആചരിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ഇന്ദിരാ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒറ്റവരി അനുസ്മരണ സന്ദേശം ട്വിറ്ററിൽ കുറിക്കുകയാണ് ചെയ്തത്.
രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച ധീരവനിതയായ ഇന്ദിരാ ഗാന്ധിയോട് മോദി സർക്കാർ മനപ്പൂർവമാണ് അനാദരം കാട്ടിയതെന്നും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ലെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അക്ബർ റോഡിൽ നിന്ന് ഇന്ദിരാ സ്മാരകത്തിലേക്കു പദയാത്രയും സംഘടിപ്പിച്ചിരുന്നു.